യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി സുസ്ഥിരതാ പവലിയൻ, നെതർലാൻഡ്സ് പവലിയൻ എന്നിവ സന്ദർശിച്ചു. 2022 ഫെബ്രുവരി 8-നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഈ പവലിയനുകൾ സന്ദർശിച്ചത്.
യു.എ.ഇ.യുടെ സുസ്ഥിരതയുടെ മേഖലയിലെ അനുഭവവും വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്ന സസ്റ്റൈനബിലിറ്റി പവലിയനിൽ (ടെറ) ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് തന്റെ പര്യടനം ആരംഭിച്ചു. ഈ പവലിയന്റെ മേലാപ്പ് ഗ്ലാസ് പാനലുകളിൽ ഉൾച്ചേർത്ത 6,000 ചതുരശ്ര മീറ്ററിൽ കൂടുതൽ അൾട്രാ എഫിഷ്യന്റ് മോണോക്രിസ്റ്റലിൻ ഫോട്ടോവോൾട്ടെയ്ക് സെല്ലുകൾ ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.
ഇത് സന്ദർശകർക്ക് തണലും, പകൽ വെളിച്ചവും നൽകുന്നതിനൊപ്പം സൗരോർജ്ജം ഉപയോഗപ്പെടുത്താൻ ഈ കെട്ടിടത്തെ അനുവദിക്കുന്നു. ഈ പവലിയനിൽ നിരവധി പരിപാടികളും, ശാസ്ത്ര പ്രദർശനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സ്പോ 2020-യ്ക്ക് ശേഷവും നീണ്ടകാലത്തേക്ക് നിലനിൽക്കുന്ന രീതിയിലാണ് സസ്റ്റൈനബിലിറ്റി പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ലോക എക്സ്പോ അവസാനിച്ച ശേഷം സുസ്ഥിരമായ സമ്പ്രദായങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള അതിന്റെ ദൗത്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സസ്റ്റൈനബിലിറ്റി പവലിയനെ ഒരു സയൻസ് മ്യൂസിയമാക്കി മാറ്റുന്നതാണ്.
തുടർന്ന് അദ്ദേഹം എക്സ്പോ വേദിയിലെ സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന നെതർലാൻഡ്‌സ് പവലിയനിലും പര്യടനം നടത്തി. കല, വാസ്തുവിദ്യ, സാങ്കേതികവിദ്യ എന്നിവ തമ്മിലുള്ള സംയോജനം ഉൾക്കൊള്ളുന്ന രീതിയിൽ സൃഷ്ടിച്ചിട്ടുള്ള ഒരു താൽക്കാലിക ബയോടോപ്പ് ഈ പാവലിയന്റെ ഒരു പ്രത്യേകതയാണ്. വെള്ളം, ഊർജം, മഴ, ഭക്ഷണം ഉൽപ്പാദിപ്പിക്കൽ എന്നിവ ഉൾപ്പെടുത്തിയുള്ള വൃത്താകൃതിയിലുള്ള ഒരു കാലാവസ്ഥാ സംവിധാനത്തിലൂടെയാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുമായി നെതർലാൻഡ്‌സ് വികസിപ്പിച്ചെടുത്ത പരിഹാരങ്ങളെക്കുറിച്ച് ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് മനസ്സിലാക്കാവുന്നതാണ്. പുറത്ത് ഭക്ഷ്യയോഗ്യമായ ചെടികളും, അകത്ത് കൂണുകളുമുള്ള ഒരു വെർട്ടിക്കൽ ഫാം ഈ പവലിയന്റെ മറ്റൊരു സവിശേഷതയാണ്.
അന്തരീക്ഷത്തിലെ ഈർപ്പത്തിൽ നിന്ന് വെള്ളം ശേഖരിക്കുകയും, ഇത് ചെടികളുടെ ജലസേചനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ് ഈ വെർട്ടിക്കൽ ഫാർമിൽ അവലംബിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞതും, സുതാര്യവുമായ ഓർഗാനിക് സോളാർ സെല്ലുകളിലൂടെ ലഭിക്കുന്ന പുനരുപയോഗ ഊർജം ഉപയോഗിച്ചാണ് ഈ പ്രക്രിയ പ്രാവർത്തികമാക്കുന്നത്.
WAM