യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ബൊളീവിയ, ക്യൂബ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. യു എ ഇ ധനമന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ H.H. ഷെയ്ഖ് അഹ്‌മദ് ബിൻ സയീദ് അൽ മക്തൂം എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
എക്സ്പോ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ബൊളീവിയയുടെ പവലിയൻ സന്ദർശിച്ചു. ഊര്‍ജ്ജം, ഇക്കോടൂറിസം, സാങ്കേതികവിദ്യ, വിശിഷ്‌ടഭക്ഷ്യവിഭവങ്ങൾ തുടങ്ങിയ മേഖലകളിൽ ബൊളീവിയ കരസ്ഥമാക്കിയിട്ടുള്ള നേട്ടങ്ങൾ സന്ദർശകരുടെ മുന്നിൽ ഈ പവലിയൻ എടുത്ത് കാട്ടുന്നു.
‘പുതു ലോകത്തിനായുള്ള ഊര്‍ജ്ജം, നാനാത്വം’ എന്ന ആശയത്തിൽ ഊന്നിയാണ് ബൊളീവിയയുടെ പവലിയൻ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ജൈവ ഊർജ്ജസ്രോതസ്സുകൾ, ആരോഗ്യം ഉത്തേജിപ്പിക്കുന്ന വിശിഷ്‌ടഭക്ഷ്യവിഭവങ്ങൾ തുടങ്ങിയ മേഖലകളിലെ ബൊളീവിയയുടെ മുന്നേറ്റം ഈ പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം വിനോദസഞ്ചാരികൾക്ക് ബൊളീവിയ എന്ന രാജ്യം മുന്നോട്ട് വെക്കുന്ന അവസരങ്ങളും ഈ പവലിയനിൽ നിന്ന് മനസിലാക്കാവുന്നതാണ്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് തുടർന്ന് സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന ക്യൂബയുടെ പവലിയനും സന്ദർശിച്ചു. ക്യൂബയുടെ സംസ്കാരം, കല, പാരമ്പര്യം എന്നിവ ചൂണ്ടിക്കാട്ടുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.
ക്യൂബയുടെ പവലിയനിലെത്തുന്ന സന്ദർശകർക്ക് ആകര്‍ഷകമായ ഹവാനയുടെ തെരുവുകളിലൂടെ യാത്ര ചെയ്യുന്ന പ്രതീതി ലഭിക്കുന്നതാണ്. ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ ക്യൂബയുടെ സാംസ്‌കാരികത്തനിമ, ബയോടെക്‌നോളജി, റിന്യൂവബിൾ എനർജി തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു.
ഇതോടൊപ്പം ക്യൂബയിൽ നിലവിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന വാണിജ്യ, സാമ്പത്തിക, സാമൂഹിക പരിവർത്തനങ്ങൾ അടുത്തറിയുന്നതിനും ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് അവസരം ലഭിക്കുന്നതാണ്.
WAM