ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി എക്സ്പോ 2020 വേദിയിൽ കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിൽ ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.

കേരളാ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് യു എ ഇയുടെ വികസനത്തിന് ഇന്ത്യൻ പ്രവാസി സമൂഹം നൽകുന്ന സംഭാവനകളെ പ്രശംസിക്കുകയും, ഇരു രാജ്യങ്ങളും പരസ്പരം സമ്പദ്‌വ്യവസ്ഥയിൽ, പ്രത്യേകിച്ച് പുനരുപയോഗ ഊർജം, ലോജിസ്റ്റിക് സേവനങ്ങൾ, വ്യോമഗതാഗതം, ഭക്ഷ്യസുരക്ഷ എന്നിവയിൽ നടത്തുന്ന വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങളെ എടുത്തുപറയുകയും ചെയ്തു.

ഇന്ത്യയുമായുള്ള സാമ്പത്തിക, നിക്ഷേപ സഹകരണം വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള യു എ ഇയുടെ താൽപര്യം അദ്ദേഹം സ്ഥിരീകരിച്ചു. യു എ ഇയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ, അതേസമയം യു എ ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും, അറബ് ലോകത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ്.

വിദേശ നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള യു എ ഇയുടെ കഴിവ്, ഈ നിക്ഷേപങ്ങളെ സംരക്ഷിക്കുന്ന പിന്തുണയുള്ള നിയമനിർമ്മാണ ചട്ടക്കൂട്, അന്താരാഷ്ട്ര കമ്പനികൾക്ക് അവരുടെ ആസ്ഥാനം സ്ഥാപിക്കുന്നതിനുള്ള ഉൽപാദന അടിത്തറ എന്നിവ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് വിശാലമായ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യയുടെ പങ്കാളിത്തം പരിപാടിയെ സമ്പന്നമാക്കിയെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ചൂണ്ടിക്കാട്ടി

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ സംഘടിപ്പിക്കുന്ന ‘കേരള വീക്ക്’ സംസ്ഥാനത്തിന്റെ സാമ്പത്തിക, നിക്ഷേപ സാധ്യതകൾ ലോകത്തിന് മുൻപിൽ എടുത്ത് കാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ്‌പോ 2020 ദുബായിലെ രാജ്യത്തിന്റെ പങ്കാളിത്തം ഇന്ത്യയും, യു എ ഇയും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇരു രാജ്യങ്ങൾക്കും അവസരം നൽകുന്നു.

യു എ ഇയുമായി സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ശക്തമായ ബന്ധത്തിൽ കേരള മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന യു എ ഇ സർക്കാരിന് അദ്ദേഹം തന്റെ അഗാധമായ അഭിനന്ദനം അറിയിച്ചു.

യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയൊരു ശതമാനവും കേരളത്തിൽ നിന്നുള്ള പ്രവാസികളാണ്. ഉഭയകക്ഷി വ്യാപാരത്തിൽ സമീപ വർഷങ്ങളിൽ രേഖപ്പെടുത്തുന്ന വളർച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വർധിച്ചതിന്റെ തെളിവാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

ഇരുപക്ഷവും വിവിധ മേഖലകളിൽ സഹകരണം തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, യു എ ഇ നേതൃത്വത്തിനും, ജനങ്ങൾക്കും വരും വർഷങ്ങളിലും പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്ന് ആശംസിച്ചു. യോഗത്തിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം, H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

WAM