എമിറേറ്റിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടി-എൻട്രി വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചതായി ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. നവംബർ 16-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ആഗോള തലത്തിൽ വിവിധ മേഖലകളിൽ പ്രാഗല്‍ഭ്യമുള്ള വ്യക്തികൾക്കും, ജീവനക്കാർക്കും ദുബായിൽ അവസരങ്ങൾ ഒരുക്കുന്നതിനായി എമിറേറ്റ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ അഞ്ച് വർഷത്തെ മൾട്ടി-എൻട്രി വിസകൾ അനുവദിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ചതും, സുരക്ഷിതവുമായ നഗരം എന്ന പദവിയിൽ തുടരുന്നതിനൊപ്പം ആഗോള സാഹചര്യങ്ങൾക്കനുസരിച്ച് ഭാവി മുൻനിർത്തി ഏറ്റവും യോജിച്ച തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഇൻ ദുബായ് എന്നിവരുമായി സംയുക്തമായാണ് ഈ പുതിയ വിസകൾ അനുവദിക്കുന്നത്. അഞ്ച് വർഷത്തെ കാലാവധിയുള്ള ഇത്തരം വിസകളിൽ ജീവനക്കാർക്ക് പല തവണ ദുബായിലേക്ക് പ്രവേശിക്കാനും, തിരികെ മടങ്ങാനും അനുമതി ലഭിക്കുന്നതാണ്.
ഇത്തരം വിസകളിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് ഓരോ തവണയും 90 ദിവസം വരെ യു എ ഇയിൽ തുടരുന്നതിനും, ആവശ്യമെങ്കിൽ ഇത് 90 ദിവസത്തേക്ക് കൂടി നീട്ടുന്നതിനും അനുമതിയുണ്ടായിരിക്കുന്നതാണ്.