2021 ജൂൺ 23 മുതൽ ഇന്ത്യയുൾപ്പടെ ഏതാനം രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

featured GCC News

ഇന്ത്യ ഉൾപ്പടെ ഏതാനം രാജ്യങ്ങളിൽ നിന്നുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക്, 2021 ജൂൺ 23, ബുധനാഴ്ച്ച മുതൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചു. യു എ ഇ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ രണ്ട് ഡോസുകളും പൂർത്തിയാക്കിയവർക്കാണ് കർശന നിബന്ധനകളോടെ ദുബായിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ജൂൺ 19-ന് വൈകീട്ടാണ് ദുബായ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

ഈ തീരുമാനപ്രകാരം, ജൂൺ 23 മുതൽ ഇന്ത്യ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഏതാനം യാത്രാ നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതോടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് തിരികെ മടങ്ങാവുന്നതാണ്.

2021 ജൂൺ 23 മുതൽ ഇന്ത്യയിൽ നിന്ന് താഴെ പറയുന്ന നിബന്ധനകളോടെ ദുബായിലേക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്:

  • സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്കാണ് ഈ പ്രവേശനാനുമതി.
  • ഇവർ യു എ ഇ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ രണ്ട് ഡോസുകളും പൂർത്തിയാക്കിയിരിക്കണം. സിനോഫാം, ഫൈസർ ബയോഎൻടെക്ക്, സ്പുട്നിക് V, ഓക്സ്ഫോർഡ്-ആസ്ട്രസെനേക്ക എന്നീ വാക്സിനുകൾക്കാണ് യു എ ഇ അംഗീകാരം നൽകിയിട്ടുള്ളത്.
  • യാത്രപുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. (ഇന്ത്യയിൽ നിന്ന് മടങ്ങുന്ന യു എ ഇ പൗരന്മാർക്ക് ബാധകമല്ല.)
  • PCR സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രമാണ് അനുവദിക്കുന്നത്.
  • ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര തിരിക്കുന്നതിന് 4 മണിക്കൂർ മുൻപ് മറ്റൊരു റാപ്പിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • ഇവർക്ക് ദുബായിൽ എത്തിയ ശേഷം എയർപോർട്ടിൽ വെച്ച് മറ്റൊരു PCR പരിശോധന കൂടി ഉണ്ടായിരിക്കുന്നതാണ്.
  • ഈ PCR പരിശോധനയുടെ റിസൾട്ട് ലഭിക്കുന്നത് വരെ ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. സാധാരണ സാഹചര്യങ്ങളിൽ 24 മണിക്കൂറിനുള്ളിൽ ഈ പരിശോധനാ ഫലം ലഭിക്കുന്നതാണ്. (ഇന്ത്യയിൽ നിന്ന് യാത്രചെയ്യുന്ന യു എ ഇ പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്ക് ബാധകമല്ല.)