സൗദി നാഷണൽ ഡേയുടെ ഭാഗമായി ദുബായിൽ സെപ്റ്റംബർ 23 മുതൽ 26 വരെ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു

featured GCC News

തൊണ്ണൂറ്റിരണ്ടാമത് സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 സെപ്റ്റംബർ 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി സെപ്റ്റംബർ 23 മുതൽ 26 വരെ ദുബായ് നഗരത്തിന്റെ വിവിധ മേഖലകളിൽ ഗംഭീരമായ ആഘോഷപരിപാടികൾ, വിനോദപരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ചില്ലറവിൽപ്പന മേഖലകളിൽ ആകർഷകമായ വിലക്കിഴിവുകൾ നൽകുന്ന പദ്ധതികളും, ഹോട്ടലുകളിൽ പ്രത്യേക ഡിസ്‌കൗണ്ടുകളും ഒരുക്കുന്നതാണ്.

കൊക്കോകോള അരീനയിൽ സെപ്റ്റംബർ 24-ന് നടക്കുന്ന അസ്സലാ നസ്രി, ഫൗആദ് അബ്ദെൽവാഹീദ്, അസീൽ ഹമീം എന്നിവരുടെ സംഗീതപരിപാടി ദുബായിൽ വെച്ച് നടക്കുന്ന സൗദി നാഷണൽ ഡേ ആഘോഷങ്ങളിൽ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. സെപ്റ്റംബർ 24-ന് രാത്രി 9 മണിക്കാണ് ഈ സംഗീതപരിപാടി അരങ്ങേറുന്നത്.

സൗദി നാഷണൽ ഡേയുടെ ഭാഗമായി ദുബായിലെ പ്രധാന മാളുകളിലെ റീറ്റെയ്ൽ ബ്രാൻഡുകളെല്ലാം 25 ശതമാനം മുതൽ 75 ശതമാനം വരെയുള്ള പ്രത്യേക കിഴിവുകൾ നൽകുന്നതാണ്. ഡിപ്പാർട്മെന്റ് സ്റ്റോറുകളിലും, ഹൈപ്പർമാർക്കറ്റുകളിലും പ്രത്യേക വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.