റമദാൻ: ഭക്ഷണ സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പരിശോധനാ പരിപാടികളുമായി ദുബായ് മുനിസിപ്പാലിറ്റി

UAE

ഈ വർഷത്തെ റമദാനിൽ ഭക്ഷണ സാധനങ്ങളുടെ സുരക്ഷയും, ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിനായി എമിറേറ്റിലുടനീളം പ്രത്യേക പരിശോധനാ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉപഭോക്താക്കൾക്ക് കൃത്യമായ ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികളും, ശുചിത്വവും പാലിച്ച് കൊണ്ടുള്ള വിഭവങ്ങളാണ് എമിറേറ്റിലെ ഭക്ഷണശാലകളിൽ നിന്ന് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിന് ഈ പരിശോധനകൾ സഹായകമാകുന്നതാണ്. റമദാനിലുടനീളം ഇത്തരം പ്രത്യേക പരിശോധനാ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഫുഡ് ഇൻസ്‌പെക്ഷൻ വിഭാഗം തലവൻ സുൽത്താൻ അലി അൽ താഹിർ വ്യക്തമാക്കി.

ഭക്ഷണശാലകളിലെ വിവിധ മേഖലകളിൽ പ്രത്യേക പരിശോധനകൾ നടപ്പിലാക്കുന്നതാണ്. ഭക്ഷണം തയ്യാറാക്കുന്നതിനായുള്ള സാധനങ്ങൾ എത്തിക്കുന്നത്, ഭക്ഷണം തയ്യാറാക്കൽ, ഭക്ഷണം സൂക്ഷിക്കൽ, ഭക്ഷണസാധനങ്ങൾ ഉപഭോക്താക്കൾക്ക് കാണുന്ന രീതിയിൽ ഒരുക്കൽ തുടങ്ങി വിവിധ തലങ്ങളിൽ ഈ പരിശോധനാ നടപടികളിലൂടെ മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കുന്നതാണ്.

റമദാനുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള പ്രത്യേക പരിശോധനകൾ റമദാൻ ആരംഭിക്കുന്നതിന് മുൻപായി മൊത്തക്കച്ചവടശാലകളിൽ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റമദാനിലുടനീളം ഭക്ഷണശാലകളിലും, വ്യാപാര സ്ഥാപനങ്ങളിലും, സൂപ്പർമാർക്കറ്റുകളിലും ഈ പരിശോധനകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. പഴം, പച്ചക്കറി മാർക്കറ്റുകളിലും പ്രത്യേക പരിശോധനകൾ നടപ്പിലാക്കുന്നതാണ്.

ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ കൃത്യമായ രീതിയിൽ മാസ്കുകൾ, കയ്യുറകൾ തുടങ്ങിയ ധരിക്കുന്നുണ്ടെന്നും, ശരിയായ വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്നും ഈ പരിശോധനകളിലൂടെ ഉറപ്പാക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾക്ക് 800900 എന്ന നമ്പറിൽ മുനിസിപ്പാലിറ്റിയെ ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

WAM