ഡെലിവറി തൊഴിലാളികൾക്കായുള്ള ഏതാനം വിശ്രമകേന്ദ്രങ്ങളിൽ എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2024 ജൂലൈ 15-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അന്തരീക്ഷത്തിലെ ഈർപ്പത്തിൽ നിന്ന് കുടിവെള്ളം വേർതിരിച്ചെടുക്കുന്ന ഇത്തരം എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനായി മജീദ് അൽ ഫുതെയിം ഗ്രൂപ്പുമായാണ് RTA കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഡെലിവറി സേവന മേഖലയിലെ തൊഴിലാളികൾക്കായി വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പണിതീർക്കുന്ന കേന്ദ്രങ്ങളിൽ ഇത്തരം മൂന്ന് എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള കരാറാണിത്.
RTA ലൈസൻസിങ് ഏജൻസി സി ഇ ഓ അബ്ദുല്ല യൂസഫ് അൽ അലി, മജീദ് അൽ ഫുതെയിം ഗ്രൂപ്പ് ഗവൺമെന്റ് അഫയേഴ്‌സ് ആൻഡ് കോർപറേറ്റ് റിയൽ എസ്റ്റേറ്റ് വിഭാഗം മാനേജിങ് ഡയറക്ടർ അലി അൽ അബ്ദുല്ലാഹ് എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചത്.
ഇതിന്റെ ഭാഗമായി മജീദ് അൽ ഫുതെയിം ഗ്രൂപ്പ് നൽകുന്ന എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ അന്തരീക്ഷത്തിലെ ഈർപ്പത്തിൽ നിന്ന് കുടിവെള്ളം വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ അടങ്ങിയതാണ്.
മുപ്പത് ഡിഗ്രി സെൽഷ്യസ് താപനില, 65 ശതമാനം ഈർപ്പം എന്നീ അന്തരീക്ഷ സാഹചര്യങ്ങളിൽ പ്രതിദിനം നൂറ് ലിറ്റർ കുടിവെള്ളം ഉത്പാദിപ്പിക്കുന്നതിന് ശേഷിയുള്ളവയാണ് ഈ ഡിസ്പെൻസറുകൾ.
Cover Image: Dubai Media Office.