മുഷ്‌രിഫ് നാഷണൽ പാർക്കിൽ നിർമ്മിച്ചിട്ടുള്ള 10 കിലോമീറ്ററോളം നീളമുള്ള പുതിയ ഹൈക്കിങ്ങ് പാത 2023 ജൂൺ 20-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ജൂൺ 11-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കാല്‍നടയായുള്ള ദീർഘ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഈ ഹൈക്കിങ്ങ് പാത ഏറെ പ്രയോജനപ്പെടുന്നതാണ്. ഈ പാത പൊതുജനങ്ങൾക്ക് വർഷത്തിൽ എല്ലാ ദിവസവും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
തുടക്കകാർക്കും, പ്രൊഫെഷണൽ നടത്തക്കാർക്കും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന ഒന്നിലധികം പാതകൾ ഉൾപ്പെടുത്തിയാണ് ഈ ഹൈക്കിങ്ങ് പാത നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പാത ദുബായിൽ ആദ്യമായാണ് നിർമ്മിക്കപ്പെടുന്നത്.
നടത്തം, മലകയറ്റം, സാഹസികത എന്നിവ ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് മുഷ്‌രിഫ് നാഷണൽ പാർക്കിലെ ഈ പുതിയ ഹൈക്കിങ്ങ് പാത ഏറെ ഉപകാരപ്രദമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് പാർക്സ് വകുപ്പ് ഡയറക്ടർ അഹ്‌മദ് അൽ സറൂനി വ്യക്തമാക്കി. ഈ പാത ഉപയോഗിക്കാനെത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ശുചിമുറികൾ, സുരക്ഷാ നിർദ്ദേശങ്ങൾ, അടയാള ബോർഡുകൾ തുടങ്ങിയ മറ്റു സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Cover Image: Screengrab from video shared by Dubai Media Office.