ദുബായിലെ നിലവിലെ നിയന്ത്രണങ്ങൾ കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ മെട്രോ, ബസ്, ടാക്സി സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടായിരിക്കും സർവീസുകൾ നടപ്പിലാക്കുക.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മെട്രോ, ബസ് എന്നിവയിലും സ്റ്റേഷനുകളിലും യാത്രികർക്ക് മാസ്‌ക്കുകളും, സമൂഹ അകലം പോലുള്ള സുരക്ഷാ മാനദണ്ഡങ്ങളും നിർബന്ധമായിരിക്കുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ടാക്സി സർവീസുകളിൽ നിലവിലുള്ള സുരക്ഷാ നിർദ്ദേശങ്ങൾ തുടരുന്നതിനാൽ പിൻസീറ്റിൽ മാത്രമായി 2 യാത്രികർക്കേ യാത്രാനുമതി ഉണ്ടായിരിക്കൂ എന്നും, ഡ്രൈവറുടെയും യാത്രികരുടെയും ഇടയിൽ പ്ലാസ്റ്റിക്ക് മറ ഉപയോഗിക്കുന്നത് തുടരുമെന്നും RTA അറിയിച്ചിട്ടുണ്ട്. ബസുകളും ടാക്‌സികളും സാധാരണ നിരക്കുകളിലാണ് പ്രവർത്തിക്കുക. ബസുകൾ രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.
ഏപ്രിൽ 26-നു പുനരാരംഭിക്കുന്ന ദുബായ് മെട്രോ, ആഴ്ചയിൽ ശനി മുതൽ വ്യാഴം വരെ ദിനവും രാവിലെ 7 മുതൽ രാത്രി 11 വരെയും, വെള്ളിയാഴ്ച്ച ദിവസം രാവിലെ 10 മുതൽ രാത്രി 11 വരെയുമായിരിക്കും പ്രവർത്തിക്കുക. ഓരോ കാബിനിലും അനുവദനീയമായ യാത്രികരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്നും മാസ്കുകൾ നിർബന്ധമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ പൊതുഗതാഗത സംവിധാനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കൈകൊള്ളുന്നതായും RTA വ്യക്തമാക്കി.
ജലഗതാഗത സംവിധാനങ്ങൾ, ട്രാം, കാർ ഷെയറിങ് സേവനങ്ങൾ, ലിമോസിൻ സേവനങ്ങൾ എന്നിവ പ്രവർത്തിക്കില്ല. രാവിലെ 8 മുതൽ വൈകീട്ട് 6 വരെയും, രാത്രി 8 മുതൽ രാത്രി 12 വരെയും പൊതു പാർക്കിങ്ങുകൾക്ക് നിരക്കുകൾ ഈടാക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.