ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യു എ ഇ പൗരന്മാരോടും നിവാസികളോടും COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ദുബായ് അധികൃതർ ആഹ്വാനം ചെയ്തു. നാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പൊതു ഇടങ്ങളിലും, വീടുകളിലും മറ്റും വലിയ രീതിയിലുള്ള ഒത്തുചേരലുകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:
- വീടുകളിലും, പൊതു ഇടങ്ങളിലും ജനങ്ങൾ ഒത്തുചേരുന്നത് നിയന്ത്രിക്കണം. വീടുകളിൽ വെച്ചുള്ള ദേശീയ ദിനാഘോഷ പരിപാടികളിൽ പരമാവധി 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി നൽകുന്നത്.
- ദേശീയ ദിനാഘോഷ അവധി ദിനങ്ങളിൽ മുഴുവൻ സമയങ്ങളിലും COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കേണ്ടതാണ്.
- തിരക്കേറിയ പൊതു ഇടങ്ങൾ കഴിയുന്നതും ഒഴിവാക്കേണ്ടതാണ്.
- പൊതു ഇടങ്ങളിലും മറ്റും മാസ്കുകൾ കൃത്യമായി ധരിക്കേണ്ടതാണ്.
- ശരിയായ രീതിയിൽ സമൂഹ അകലം പാലിക്കേണ്ടതാണ്.
- തൊഴിലിടങ്ങളിലും മറ്റുമുള്ള ആഘോഷങ്ങൾ ഒഴിവാക്കേണ്ടതാണ്. ഇത്തരം ഇടങ്ങളിൽ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിക്കാൻ മാത്രമാണ് അനുമതി നൽകുന്നത്.
- കരിമരുന്നു പ്രയോഗം കാണുന്നതിനായി ആളുകൾ കൂട്ടം ചേരുന്നത് അനുവദിക്കില്ല.
- മുഴുവൻ സമയവയും ശരീര ശുചിത്വത്തെക്കുറിച്ച് ശ്രദ്ധ പുലർത്തേണ്ടതാണ്.
- ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകൾക്ക് അനുമതി ഇല്ല.
നേരത്തെ, സമാനമായ ഒരു അറിയിപ്പിലൂടെ അബുദാബി പോലീസ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിൽ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.