സൗദി: റെസ്റ്ററാൻറ്റുകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിർബന്ധമാക്കുന്നു

GCC News

സൗദിയിലെ റെസ്റ്ററാൻറ്റുകൾ, കഫേകൾ മുതലായ വാണിജ്യ സ്ഥാപനങ്ങളിൽ ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങൾ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കാൻ ആരംഭിച്ചു. ഉപഭോക്താക്കളുടെ ഇടയിൽ കറൻസി നോട്ടുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിർബന്ധമാക്കുന്നത്.

വാണിജ്യ മേഖലയിൽ നടക്കുന്ന വിവിധ തരത്തിലുള്ള ക്രമക്കേടുകൾ, ദേശീയ തലത്തിൽ തടയുന്നതിനായുള്ള പ്രത്യേക സംവിധാനത്തിനു (National Program to Combat Commercial Cover-up) കീഴിലാണ് സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നടപ്പിലാക്കുന്നത്. സൗദി ഉടമകളുടെ പേരിൽ വിദേശികൾ സ്ഥാപനങ്ങൾ നടത്തുന്നതുൾപ്പടെയുള്ള നിയമലംഘനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന് കൂടിയാണ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ നിർബന്ധമാക്കുന്നത്. ജൂലൈ 29, വ്യാഴാഴ്ച്ച മുതൽ ഈ തീരുമാനത്തിന്റെ അഞ്ചാം ഘട്ടം നടപ്പിലാക്കിത്തുടങ്ങിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.

ഇതിൻറെ ഭാഗമായി 50-തോളം വാണിജ്യ പ്രവർത്തനങ്ങളിൽ (സൗദിയുടെ വാണിജ്യ മേഖലയുടെ ഏതാണ്ട് 70 ശതമാനം) ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നടപ്പിലാക്കിയതായും സൗദി പ്രസ് ഏജൻസി അറിയിച്ചിട്ടുണ്ട്. മറ്റു മേഖലകളിൽ ഓഗസ്റ്റ് 25-ഓടെ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ നടപ്പിലാക്കുന്നതാണ്. വാണിജ്യ വകുപ്പ്, മുൻസിപ്പൽ കാര്യ മന്ത്രാലയം, സൗദി മോണിറ്ററി അതോറിറ്റി (SAMA) എന്നിവർ സംയുക്തമായാണ് ഇതുസംബന്ധമായ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്.

രാജ്യത്തെ ഗ്യാസ് സ്റ്റേഷനുകൾ, ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾ, സ്പെയർ പാർട്സ് കടകൾ, ലൗണ്ടറി, സലൂൺ, ഗ്രോസറി മുതലായ സ്ഥാപനങ്ങളിൽ ഈ തീരുമാനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഡിജിറ്റൽ പണമിടപാടിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കിയിരുന്നു. ജൂലൈ 29 മുതൽ റെസ്റ്ററാൻറ്റുകൾ, കഫേകൾ, ജ്യൂസ് ഷോപ്പുകൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ, ഫുഡ് ട്രക്ക്, കഫ്റ്റീരിയ, ഐസ്ക്രീം ഷോപ്പുകൾ മുതലായ പ്രവർത്തനങ്ങളിൽ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ നടപ്പിലാക്കുന്നതാണ്.

ഈ തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.