അബുദാബി: ഇ-സ്‌കൂട്ടർ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം

UAE

യാത്രികർക്ക് വാടകയ്ക്ക് ഇ-സ്‌കൂട്ടർ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ സേവനങ്ങൾ പുനരാരംഭിക്കാൻ ഒക്ടോബർ 12 മുതൽ അനുമതി നൽകിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. സേവനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, അൽ റീം ഐലൻഡ്, അൽ മരിയ ഐലൻഡ്, അൽ ഡാന, അൽ ബത്തീൻ, കോർണിഷ്, മറീന എന്നിവിടങ്ങളിൽ 25 ശതമാനം ശേഷിയോടെ ഇ-സ്‌കൂട്ടർ വാടകയ്ക്ക് നൽകാനാണ് അനുവാദം നൽകിയിരിക്കുന്നത്.

എമിറേറ്റിലെ COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ പ്രകാരമായിരിക്കും ഇത്തരം സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുക എന്നും ITC വ്യക്തമാക്കിയിട്ടുണ്ട്. ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്ന യാത്രികരുടെയും, ജീവക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ITC പുറത്തിറക്കിയിട്ടുണ്ട്.

  • ഇതനുസരിച്ച് ഇത്തരം സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് രോഗബാധയില്ലാ എന്ന് ഉറപ്പാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടതാണ്.
  • മുഴുവൻ ജീവനക്കാർക്കും മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണെന്നും ITC അറിയിച്ചു.
  • വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ഇടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ ഇത്തരം സ്ഥാപനങ്ങൾ ഒരുക്കേണ്ടതാണ്.
  • ഇത്തരം ഇ-സ്‌കൂട്ടറുകൾ അവയ്ക്ക് അനുവാദമുള്ള ഇടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണ്.

ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ITC നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നവരോടും, സേവനദാതാക്കളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ITC പരിശോധനകൾ നടത്തുന്നതാണ്.