രാജ്യത്തേർപ്പെടുത്തിയിട്ടുള്ള സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ സുർ വിലായത്തിൽ മാത്രമായി അനുവദിച്ചിരുന്ന ഇളവുകൾ 2021 ജൂലൈ 22, 23 തീയതികളിലും തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ജൂലൈ 21-ന് രാത്രിയാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സുർ വിലായത്തിലെ മഴക്കെടുതികൾ കണക്കിലെടുത്ത് ജൂലൈ 20, 21 തീയതികളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ പ്രാദേശികമായുള്ള പ്രത്യേക ഇളവുകൾ ജൂലൈ 19-ന് സുപ്രീം കമ്മിറ്റി അനുവദിച്ചിരുന്നു. സുർ വിലായത്തിലെ ഈ ഇളവുകളാണ് ഇപ്പോൾ ജൂലൈ 22, 23 തീയതികളിലേക്ക് കൂടി നീട്ടി നൽകിയിരിക്കുന്നത്.
ഇതോടെ സുർ വിലായത്തിൽ ജൂലൈ 22, 23 തീയതികളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാൻ അനുമതി ലഭിക്കുന്നതാണ്. അവശ്യ സേവനങ്ങൾ നൽകുന്ന വാണിജ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതോടൊപ്പം, ഈ രണ്ട് ദിവസങ്ങളിൽ സുർ വിലായത്തിൽ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്കും സുപ്രീം കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്.
ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ, ബേക്കറികൾ, റെസ്റ്ററന്റുകൾ, കെട്ടിടനിർമ്മാണ വസ്തുക്കളുടെ കടകൾ, ഇലെക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന വ്യാപാരശാലകൾ, കാലിത്തീറ്റയുടെ വില്പന മുതലായ പ്രവർത്തനങ്ങൾക്ക് സുപ്രീം കമ്മിറ്റി ഈ കാലയളവിൽ അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനം ദിനങ്ങളിൽ സുർ വിലായത്തിൽ കനത്ത മഴയും, വെള്ളപ്പൊക്കവും നാശം വിതച്ചിരുന്നു. ഇത് കണക്കിലെടുത്ത് അടിയന്തിര സേവനങ്ങൾ, നിർമ്മാണപ്രവർത്തനങ്ങൾ മുതലായവ നൽകുന്ന തൊഴിലാളികൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനുള്ള നടപടികളും അധികൃതർ കൈക്കൊണ്ടിട്ടുണ്ട്.