ചരിത്രാധീത കാലം മുതൽ ഈ സമയം വരെയും യുദ്ധങ്ങൾ നൽകിയ പാഠം നഷ്ടങ്ങളുടേതാണ്. ഓരോ യുദ്ധങ്ങളും ചെറുത്ത് നില്പിന്റെയും അതിജീവനത്തിന്റെയും കഥപറഞ്ഞു ചെറുതായി തുടങ്ങുന്നു. സാഹചര്യങ്ങളും, വ്യക്തമായ ആയുധ കച്ചവട താൽപ്പര്യങ്ങളും, ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു സംസാരിച്ച് തീർക്കേണ്ടുന്ന ഒരു അഭിപ്രായവ്യത്യാസത്തെ ഊതി പെരുപ്പിച്ച് യുദ്ധങ്ങളിലേക്ക് നയിക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ നേരിട്ട ആണവായുധ ആക്രമണം ഇന്ന് ഓർമ്മയായിട്ട് 75 വർഷം തികയുന്നു. ഓഗസ്റ്റ് 6-ന് ഹിരോഷിമയിലും, തുടർന്ന് ഓഗസ്ററ് 9-ന് നാഗസാക്കിയിലും നടന്ന ബോംബ് സ്‌ഫോടനങ്ങൾ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിത സ്വപ്നങ്ങൾക്ക് വിരാമമിട്ടു. രണ്ടാം ലോക മഹായുദ്ധത്തിന്റെ പരിസമാപ്തിക്ക് തൊട്ട് മുൻപ് നടന്ന ഈ ഹീനകൃത്യം, ഒരു യുദ്ധ തന്ത്രമായി വ്യാഖ്യാനിക്കാമെങ്കിലും, അനേകായിരം നിരായുധരുടെ ജീവനെടുത്ത ഒരു ആയുധ പരീക്ഷണമായിരുന്നോ എന്ന സംശയം ചരിത്രം പറയാതെ ബാക്കിയാകുന്നു.
1945 ഓഗസ്റ്റ് ആറാം തിയതി രാവിലെ 8:15-ന് ഹിരോഷിമയിൽ പതിച്ച ലിറ്റിൽ ബോയ് എന്ന യുറേനിയം ബോംബ് സ്‌ഫോടനം അക്ഷരാർത്ഥത്തിൽ ആ നഗരത്തെ ചുട്ടെരിക്കുകയായിരുന്നു.സ്‌ഫോടനത്തെ തുടർന്നുണ്ടായ കൊടും ചൂടിലും, പ്രകമ്പനത്തിലും ഉരുകി ഇല്ലാതായത് ഏതാണ്ട് എഴുപത്തിനായിരത്തിനും, എൺപത്തിനായിരത്തിനും ഇടയിൽ ജീവനുകളാണ്. ജീവൻ ബാക്കിയാവരുടെ സ്ഥിതിയും വളരെ പരിതാപകരമാണ് മാറുകയായിരുന്നു. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും ദശകങ്ങളോളം ആളുകള്‍ മരിച്ചുകൊണ്ടിരുന്നു, ഒരു കൊല്ലത്തിനിടയിൽ മരണസംഖ്യ ഇരട്ടിയാവുകയും ചെയ്തു എന്നാണു ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
“പെട്ടന്ന്, മഗ്നീഷ്യം അളിക്കത്തുന്നതുപോലെയുള്ള വെളിച്ചത്തോടെയുള്ള ഒരു മിന്നല്‍പ്പിണര്‍ അവിടെ വ്യാപിച്ചു. നിസ്സഹായനായി സാഷ്ടംഗം നമസ്കരിക്കുന്നതുപോലെ കിടന്ന എന്നെ തറയിൽ നിന്ന് രണ്ടടിയോളം എടുത്തുയർത്തുന്ന തരത്തിൽ ഭയാനകമായ ഒരു സ്‌ഫോടനം ഉണ്ടായി. എന്റെ ദേഹത്തെ ഉലച്ച്കൊണ്ട് അതിശക്തമായ ഒരു കാറ്റ് കടന്നുപോകുന്നത് ഞാൻ അറിഞ്ഞു… കണ്ണുതുറന്നപ്പോൾ അഗാധമായ അന്ധകാരത്തിൽ അകപ്പെട്ട പോലെ, പൊടിയുടെ അനന്തമായ ഒരു മേഘത്തിൽ ഞാൻ മൂടപ്പെട്ടിരുന്നു. അല്പം കഴിഞ്ഞ് പൊടി നീങ്ങി കാഴ്ച തിരികെക്കിട്ടിയപ്പോൾ എനിക്ക് ചുറ്റും കണ്ണെത്താവുന്ന ദൂരം മുഴുവൻ, തെരുവുകളിലും, പാടങ്ങളിലുമെല്ലാം ആയിരകണക്കിന് ചെറു മിന്നാമിനുങ്ങുകളെപോലുള്ള വെളിച്ചങ്ങൾ മിന്നിമായുന്നതായി എനിക്ക് തോന്നി. കാഴ്ച മുഴുവനായി തിരികെ ലഭിച്ചപ്പോളാണ് അവ പപ്പട വട്ടത്തിലുള്ള തീവലയങ്ങളാണെന്നു മനസ്സിലായത്… ഞാൻ നഗരത്തിനു നേരെ എന്റെ കാഴ്ച തിരിച്ചു. നിന്നിടത്ത് അതിഭയാനകമായ, കൂൺ ആകൃതിയിലുള്ള ഒരു മേഘം ആകാശത്തേക്ക് ഉയർന്നുപൊന്തുന്നതാണ് ഞാൻ കണ്ടത്. അതിബൃഹത്തായതും, തിന്മ നിറഞ്ഞതുമായ ഒരു സ്മാരകസ്‌തംഭം പോലെയാണ് എനിക്ക് ആ കാഴ്ച്ച അനുഭവപ്പെട്ടത്.“
ഹിരോഷിമയിലെ ആറ്റംബോംബ് സ്ഫോടനത്തിനു ദൃക്‌സാക്ഷിയായ സുറ്റോമു യമാഗുച്ചിയുടെ വാക്കുകളാണിത്. നാഗസാക്കിയിലെ മിത്സുബിഷി കപ്പൽ നിർമ്മാണകമ്പനിയിൽ ജോലി ചെയ്തിരുന്ന യമാഗുച്ചി, വിധിനിയോഗത്താൽ, ജോലിസംബന്ധമായി എത്തിയതായിരുന്നു ഹിരോഷിമയിലെ കപ്പൽശാലയിൽ. യമാഗുച്ചി ഓഗസ്റ്റ് 6-നു രാവിലെ ഹിരോഷിമയിലെ കപ്പൽശാലയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ, ഏതാണ്ട് 1 മൈൽ ദൂരെയാണ് ബോംബ് പതിച്ചത്. ഹിരോഷിമയിലെ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യമാഗുച്ചിയുടെ കഥ അത്യന്തം അത്ഭുതകരമാണ്. ദേഹത്തേറ്റ മുറികളുമായി ബോംബാക്രമണത്തിന്റെ പിറ്റേന്ന് അദ്ദേഹം ഹിരോഷിമയിൽ നിന്ന് നാഗസാക്കിയിലേക്ക് മടങ്ങി. ഓഗസ്റ്റ് 9-നു നാഗസാക്കിയിലെ ബോംബ് സ്ഫോടനം നടക്കുമ്പോൾ യമാഗുച്ചി അതേ നഗരത്തിൽ ഏതാണ്ട് ഒന്നര മൈൽ അകലെ തന്റെ ജോലിസ്ഥലത്ത് ഉണ്ടായിരുന്നു. ഇത്തരത്തിൽ ഹിരോഷിമയിലെയും, നാഗസാക്കിയിലെയും സ്‌ഫോടനങ്ങൾ ഒരുപോലെ അതിജീവിച്ചതായി, ജാപ്പനീസ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ വ്യക്തിയാണ് യമാഗുച്ചി.
ഹിരോഷിമയിലെ ആക്രമണത്തിന് ശേഷം രണ്ടു ദിവസത്തിനപ്പുറം, ഓഗസ്റ്റ് 9-ന് ഫാറ്റ് മാൻ എന്ന പ്ലൂട്ടോണിയം ബോംബ് നാഗാസാക്കി നഗരത്തെ തകർത്തെറിഞ്ഞു. ഏകദേശം 40,000 പേർ തൽക്ഷണം മരിക്കുകയും അനേകായിരം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. യാതൊരു ന്യായീകരണവും ഈ ക്രിയക്കില്ല എന്ന ഏറ്റുപറച്ചിലായിരിക്കാം, ഫാദർ ഓഫ് അറ്റോമിക് ബോംബ് അഥവാ ഹിരോഷിമ നാഗസാക്കി ആണവ ബോംബ് നിര്‍മാണത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ഡോ. റോബര്‍ട്ട് ഓപ്പൻഹീമർ ഈ ദുരന്തത്തിന് ശേഷം വൈറ്റ് ഹൗസിൽ വച്ച് അന്നത്തെ അമേരിക്കൻ പ്രസിഡന്റായ ഹാരി എസ് ട്രൂമാനോട് “മിസ്റ്റർ പ്രസിഡന്റ്, എന്റെ കയ്യിൽ ചോര പറ്റിയിരിക്കുന്നു.” എന്ന വാക്കുകളിലൂടെ പറഞ്ഞുവെച്ചത്. അനേകം തലമുറകളിലേക്ക് മാരക രോഗങ്ങളും, യാതനകളും, മരണവും സമ്മാനിച്ച ഈ ആയുധപ്രയോഗം മനുഷ്യരാശിക്ക് ഒരു മുന്നറിയിപ്പാണ്. ഭാവിയെക്കുറിച്ച്, ഭാവിയിൽ പുലർത്തേണ്ട സമാധാനശ്രമങ്ങളെക്കുറിച്ച്, യുദ്ധത്തിന്റെ വിഫലതകളെക്കുറിച്ച് എല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു അടയാളം.
തലമുറകൾ പിന്നിട്ടിട്ടും പ്രത്യാഘാതങ്ങൾ വിട്ടുമാറാത്ത ഇത്തരം ഹീനകൃത്യങ്ങൾ യുദ്ധ തന്ത്രങ്ങളായി കാണരുത്. മാനവരാശിയുടെ നിലനില്പിനെക്കാൾ വലുതല്ല, പരസ്പര വൈര്യത്താൽ വരുത്തിവെക്കുന്ന യുദ്ധക്കെടുതികൾ എന്ന് ലോക രാഷ്ട്രങ്ങൾ ഓർക്കേണ്ടതുണ്ട്.
കവർ ചിത്രം: ഹിരോഷിമയിൽ ആണവബോംബ് വർഷിക്കുന്നതിനു ഉപയോഗിച്ച ‘എനോല ഗേ’ എന്ന പേരുള്ള B-29 സൂപ്പർഫോർട്രെസ്സ് വിമാനത്തിലെ പൈലറ്റായിരുന്ന പോൾ ടിബ്ബറ്റ്സ് തന്റെ കയ്യക്ഷരത്തിൽ രേഖപ്പെടുത്തിയ ബോംബിംഗിനു ശേഷമുള്ള ഹിരോഷിമയുടെ ദൃശ്യം.
Cover Photo: Source