COVID-19 പ്രതിരോധ പ്രക്രിയയുടെ മൂന്നാം ഘട്ടത്തിലേക്ക് നമ്മുടെ സംസ്ഥാനം കടക്കുമ്പോൾ ആളുകളിൽ കുറഞ്ഞുവരുന്ന ജാഗ്രത ആശങ്കപ്പെടുത്തുന്നതാണ്. കേരളത്തിൽ ഏതാനം ചെറുമേഖലകളിലെങ്കിലും സമൂഹവ്യാപനം നടന്നുകഴിഞ്ഞു എന്ന ഭയാനകമായ അവസ്ഥ സർക്കാർ സംവിധാനങ്ങൾ അറിയിച്ച ശേഷവും സമൂഹം തുടരുന്ന ഈ ജാഗ്രതയിലെ പാളിച്ചകൾ തീർത്തും ഭയമുളവാക്കുന്നതാണ്.
പുറമേയ്ക്ക് ഈ രോഗം, വലിയ ലക്ഷണങ്ങൾ പ്രകടമാക്കാത്തതുകൊണ്ടോ, പ്രത്യക്ഷത്തിൽ നിശബ്ദമായ രീതിയിൽ വ്യാപിക്കുന്നത് കൊണ്ടോ ആയിരിക്കാം, ജനങ്ങളിൽ ഈ അശ്രദ്ധ നിഴലിക്കുന്നത്. സാമൂഹിക അകലവും, വ്യക്തി ശുചിത്വവും, ഫേസ് മാസ്ക്കും എല്ലാം പ്രതിരോധ പ്രക്രിയയുടെ ഭാഗമാണെന്ന പൊതു ചിന്ത നമ്മളിൽ ഇനിയും വളർന്നു വരാത്തത് നിർഭാഗ്യകരമാണ്. ഈ പറയുന്ന പ്രതിരോധ നടപടികളെയെല്ലാം വെറും നിയമങ്ങളായി കാണുന്ന പൊതുബോധം, അവരവരുടെ ജീവന് വേണ്ടിയാണ് ഈ മുന്നൊരുക്കങ്ങളത്രയും എന്ന് തിരിച്ചറിയേണ്ട തലത്തിലേക്ക് ഉയരേണ്ടതുണ്ട്.
ഓരോ വ്യക്തിക്കും സാമൂഹിക ഉത്തരവാദിത്വമുണ്ടെങ്കിൽ മാത്രമേ ഈ പ്രതിരോധങ്ങളത്രയും ശരിയാം വണ്ണം സമൂഹത്തിൽ ഫലപ്രദമാകുകയുള്ളൂ. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും, പോലീസ് സംവിധാനങ്ങളോടുള്ള സഹകരണവും, സമൂഹത്തിലെ ഐക്യവും ഈ പ്രതിരോധത്തിന്റെ നിർണ്ണായകമായ കണ്ണികളാണെന്നു നമ്മളോർക്കണം. നിരീക്ഷണത്തിൽ കഴിയുന്നവർ അവർ പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ തെറ്റുകൂടാതെ പാലിക്കേണ്ടതും, അത്യാവശ്യങ്ങൾക്കല്ലാതെ പുറത്ത് സഞ്ചരിക്കരുതെന്ന നിർദ്ദേശം അനുസരിക്കേണ്ടതും, ഈ ഘട്ടത്തിൽ ഒഴിവാക്കാനാകാത്ത കർത്തവ്യമായി കരുതേണ്ടതുണ്ട്. ലോകകാര്യങ്ങൾ നൊടിയിടകൊണ്ട് അറിയുന്ന ഇന്നത്തെ പുതുതലമുറയെങ്കിലും ഇത്തരം കർത്തവ്യങ്ങൾ നടപ്പിലാക്കപ്പെടുന്നു എന്ന് സ്വയം ഉറപ്പിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പേരെടുത്ത് പരാമർശിച്ച, ഏകദേശം 2.1 ചതുരശ്ര കിലോമീറ്ററിൽ ചുരുങ്ങിയത് പത്തുലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്ന, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ രോഗവ്യാപനത്തെ തടയാൻ കഴിഞ്ഞതിൽ, അവിടെയുള്ള പ്രദേശവാസികളുടെ സഹകരണം വളരെ വലുതാണ്. ആരോഗ്യ പ്രവർത്തകർക്കും, സന്നദ്ധപ്രവർത്തകർക്കും പ്രതീക്ഷയോടെ പ്രതിരോധ നടപടികളിൽ വ്യാപൃതരാവണമെങ്കിൽ ജനങ്ങളുടെ സഹകരണം കൂടിയേ തീരൂ. മൂന്നാം ഘട്ടത്തിൽ ദിനം തോറും അസുഖബാധിതരുടെ എണ്ണം കൂടുന്ന സന്ദർഭത്തിലെങ്കിലും നാം ഓരോരുത്തരും സമൂഹത്തിന് വേണ്ടി കൂടി ചിന്തിക്കാൻ പ്രാപ്തരാകുകയും, ഈ രോഗപ്രതിരോധ സംവിധാനങ്ങളോട് സഹകരിക്കുകയും ചെയ്യേണ്ടതുണ്ട്.
മാസ്ക് ധരിച്ചില്ലെങ്കിലെന്താ എന്ന ചോദ്യം തല്ക്കാലം മാറ്റിവച്ച്, രോഗവ്യാപനം തടയാൻ താനും ജാഗ്രതയോടെ നിലകൊള്ളണം എന്ന പൊതുബോധത്തിലേയ്ക്ക് കേരള ജനത ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. അതുകൊണ്ട് ഈ ഘട്ടത്തിൽ ഓരോ പൗരന്റെയും ജാഗ്രതയ്ക്ക് ജീവന്റെ വിലയാണെന്ന് കരുതി സഹകരിക്കാം.