ജനാധിപത്യവും ഉദ്യോഗസ്ഥമേധാവിത്വവും

Editorial
ജനാധിപത്യവും ഉദ്യോഗസ്ഥമേധാവിത്വവും – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ശക്തിയും, ബലവും നമ്മുടെ രാജ്യം കൈക്കൊള്ളുന്ന ജനാധിപത്യമാണ്. ‘ജനാധിപത്യം’ എത്ര സുന്ദരമായ പദം, പക്ഷെ പലപ്പോഴും ഈ വാക്ക് കുട്ടികൾ വിളിക്കുന്ന മുദ്രാവാക്യങ്ങളിലും, കവല പ്രസംഗങ്ങളിലും, സമ്മതിദാന അവസരങ്ങളിലെ ലഖുലേഖകളിലും ഒതുങ്ങിപ്പോകുന്നു.

ഒരു ജാനാധിപത്യ രീതിയിൽ, ഏറ്റവും ഉയരത്തിൽ കേൾക്കേണ്ട ശബ്ദം ജനങ്ങളുടേതാണ്, അതായത് എല്ലുമുറിയെ പണിയെടുത്ത് കുടുംബം പോറ്റാൻ രാപ്പകൽ കഷ്ടപ്പെടുന്ന, “the common man” എന്ന് വിലയില്ലാതെ രാഷ്ട്രീയ പ്രഭുക്കന്മാരും, ഉദ്യോഗസ്ഥ മേധാവികളും പരിഹസിക്കുന്ന, കഴുതകളെന്നു സ്വകാര്യത്തിൽ പറഞ്ഞു ചിരിക്കുന്ന, നാം ജനങ്ങൾ. അധികാരം എന്നത് മറയായും, ഇരുമ്പ് കൂടമായും കയ്യാളുന്ന ഒരു വലിയ ഉദ്യോഗസ്ഥ സമൂഹത്തിന്റെ ചെരുപ്പിനടിയിൽ ജനമെന്ന ജീവൻ പഞ്ചപുച്ഛമടക്കി, റാൻ മൂളി നിൽക്കണം, അല്ലങ്കിൽ നടന്നു തേഞ്ഞ ചെരുപ്പിന്റെ കഥപറയാൻ മാത്രമായിരിക്കും സാധാരണക്കാരന്റെ വിധി.

ജനാധിപത്യത്തിൽ ശുപാർശകൾക്ക് സ്ഥാനമില്ലെന്നാണ് വെപ്പ് എന്നാൽ ഇന്ന് എത്രയിടങ്ങളിൽ ശുപാർശ കത്തില്ലാതെ, ഉദ്യോഗസ്ഥർക്ക് കാണിക്ക വയ്ക്കാതെ കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ജനങ്ങളുടെ മനസ്സറിയുന്ന ഉദ്യോഗസ്ഥരെയും നാം വിസ്മരിക്കുന്നില്ല; എന്നാൽ ജാനാധിപത്യം എന്നത് ഒരു ദേശത്തിന്റെ പൊതു രീതിയായി കാണേണ്ട കാര്യമായതുകൊണ്ടാണ് ഈ തുറന്നു പറച്ചിൽ.

ഇന്ന് നമ്മൾ കേൾക്കുന്ന സ്വർണ്ണകടത്തിലെ പുതിയ വാർത്തയും, ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗത്തിന്റെ തെളിവായി കണക്കാക്കാം. സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നും നികുതിപ്പണം എടുത്ത് അതിന്റെ ഒരു പങ്ക് ശമ്പളവും, യാത്ര ബത്തയും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും, കുടിക്കുന്ന വെള്ളത്തിന് വരെ പെറ്റിക്യാഷ് ആയി എഴുതിയെടുക്കുന്ന ഉദ്യോഗസ്ഥർ, അവർ കുറ്റവാളികളാകാൻ തീരുമാനമെടുത്താൽ പിന്നീട് അങ്ങോട്ട് തെറ്റുകൾ, ശരിയുടെ നിറത്തിൽ അഴിമതികളായി ചുരുങ്ങുന്നതാണ് പലപ്പോഴും നാം കാണാറുള്ളത്.

ചരിത്രം കാലം മുതൽ ഇങ്ങോട്ട്, ചോരയുടെ കഥപറയുന്ന മഞ്ഞലോഹം; ലോക വിപണിയിൽ എന്തിനെന്നോ, ഏതിനെന്നോ ഉത്തരമില്ലാതെ, കൈമറിയുന്ന സ്വർണ്ണവ്യാപാരത്തിന്റെ ഇടനിലക്കാരായും, ഉന്നത ഉദ്യോഗസ്ഥർ മാറുമ്പോൾ വാർത്തകളിൽ വായിച്ചു മറക്കാൻ ഒരു വാർത്തകൂടി എന്ന കേവല അർത്ഥത്തിൽ ഈ കുറ്റകൃത്യത്തെ കാണരുത്. ഭൂമി തുരന്ന് പാറപൊട്ടിച്ച്, കുട്ടികളെ വരെ തൊഴിലാളികളാക്കി ഉല്പ്പാദനം തുടങ്ങുന്ന ഈ മഞ്ഞലോഹവിപണന ചങ്ങലയിൽ, പിടിക്കപ്പെടുന്ന കണ്ണികളേക്കാൾ കൂടുതൽ മറവിൽ ഈ കച്ചവടങ്ങൾക്ക് കുടപിടിക്കുന്നവരിലേയ്ക്ക് വെളിച്ചം വീശും വിധത്തിൽ അന്വേഷണങ്ങൾ നടന്നെങ്കിൽ മാത്രമേ ഈ കുറ്റകൃത്യം തടയാൻ സാധിക്കൂ.

ജനങ്ങളെ വോട്ടിംഗ് സമയത്തിന് ശേഷം മറക്കുന്ന ജനപ്രതിനിധികളെക്കാൾ, ഒരു ജനാധിപത്യ പ്രക്രിയയിൽ ഭയപ്പെടേണ്ടത് നിയമവും, നീതിയും, ന്യായവും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥവൃന്ദം, അവരുടെ അധികാരം ദുർവിനിയോഗം ചെയ്യുമ്പോളാണ്. അധികാര തിമിരം ബാധിച്ചവർക്ക് കാഴ്ച്ച ലഭിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി കരുതി, ശരിയായ നീതിന്യായ നടപടികൾ നടപ്പിലായേക്കാം എന്ന് നമുക്ക് പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *