“We still have a soft approach on the perpetrators of crimes like worst forms of child labour. Every single minute matters, every single child matters, every childhood matters.”
2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും, ബാല വേലക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സാരഥിയുമായ ശ്രീ. കൈലാഷ് സത്യാർത്ഥിയുടെ വാക്കുകളാണിത്. ഏകദേശം 88000-ത്തിൽ പരം കുട്ടികളെ ബാലവേലയെന്ന, പൊതുസമൂഹം വെള്ളപൂശിയ കുറ്റകൃത്യത്തിൽ നിന്നും സംരക്ഷിക്കാനും, ആ കുട്ടികൾക്ക് തുടർവിദ്യാഭ്യാസമൊരുക്കി കൊടുക്കുവാനും ഈ സന്നദ്ധ സംഘടനയ്ക്ക് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്. എന്നാൽ ഇതിനോടൊപ്പം, ഇന്നും നമ്മുടെ രാജ്യത്ത് ബാലവേല എത്രമാത്രം നിലനിൽക്കുന്നു എന്ന തിരിച്ചറിവും ഈ കണക്കുകൾ നമുക്ക് നൽകുന്നു. വർഷാവർഷം ജൂൺ 12, ‘World Day Against Child Labour‘ ആയി ഐക്യരാഷ്ട്ര സഭ നടത്തി വരുന്നതിന്റെ പ്രസക്തി മനസ്സിലാകണമെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ലോകത്താകമാനം 152 ദശലക്ഷം കുട്ടികളാണ് ബാലവേലയ്ക്ക് ഇരയാകുന്നത്. ഇതിൽ 73 ദശലക്ഷം കുട്ടികൾ അപകടകരമായ തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നു എന്നാണു പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്, ഏകദേശം 10.1 ദശലക്ഷം കുട്ടികൾ വിവിധ തരത്തിലുള്ള ബാലവേലകളിൽ പെട്ട്, ചൂഷണത്തിനിരയാവുന്നുണ്ട് എന്നാണ്.
ഇഷ്ടിക കളങ്ങളിലും, നെയ്ത്തുശാലകളിലും, വീട്ടു ജോലികൾക്കായും, ഭിക്ഷാടന മാഫിയയുടെ കയ്യിൽ അകപ്പെട്ട് തെരുവുകളിൽ കച്ചവടത്തിനായും, ഭിക്ഷാടനത്തിനായും പൊലിയുന്ന ബാല്യങ്ങൾ. അത്യന്തം അപകടം പിടിച്ച മൈനിങ് മേഖലകളിലേക്കും, രാസവസ്തുക്കളുടെ അനധികൃത നിർമ്മാണയിടങ്ങളിലേക്കും, അതിരൂക്ഷമായ മാലിന്യങ്ങളുടെ (ഇ-വേസ്റ്റ്, മെഡിക്കൽ-വേസ്റ്റ് ഉൾപ്പടെ) സംസ്ക്കരണ ഇടങ്ങളിലേക്കും തുടങ്ങി ഒരുപാട് നീളമുള്ളതാണ് ബാലവേലയുടെ പരസ്യമായ കാണാചങ്ങലകൾ. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ച്, കൂലിയും, സുരക്ഷയും, മറ്റ് ആനുകൂല്യങ്ങളും നൽകി ഏർപ്പെടുത്തേണ്ട മുതിർന്ന തൊഴിലാളികളുടെ സ്ഥാനത്ത്, ലാഭകണക്കുകളിൽ കണ്ണ് മഞ്ഞളിച്ച്, തുച്ഛമായ കൂലിയിൽ കുട്ടികളെ പണിയെടുപ്പിക്കുന്ന നമ്മുടെ സമൂഹത്തിലെ പ്രമാണിമാർ, അവരവരുടെ വീടുകളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും, ജീവിതവും നല്കാൻ, സമൂഹത്തിലെ മറ്റൊരു ബാല്യം ചൂഷണം ചെയ്യുകയാണെന്ന് പൊതുസമൂഹം തിരിച്ചറിയണം.
കൂടുതൽ ആശയ വിനിമയ ഉപാധികളും, സമൂഹത്തിൽ എന്ത് നടന്നാലും ഞൊടിയിടയിൽ ലോകമറിയുന്ന സംവിധാനങ്ങളുമുള്ളപ്പോഴും, ഈ ഇരുട്ട് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് സങ്കടകരവും, അതെ സമയം ഇതിന്റെ വ്യാപ്തിയും, സംവിധാനങ്ങളുടെ മൗനസമ്മതവും അടിവരയിടുന്നതാണ് . “Some girls cannot go to school because of the child labor and child trafficking.”, വിദ്യാഭ്യാസം എന്നത് ഒരു കുട്ടിയുടെ മൗലിക അവകാശമാണെന്ന് ലോകത്തിന് മുന്നിൽ ഉറക്കെപ്പറഞ്ഞ മലാല യൂസഫ്സായിയുടെ ഈ വാക്കുകൾ പോലും നമ്മുടെ സാമൂഹ്യ വ്യവസ്ഥകളിലും, ചർച്ചാ പ്രതലങ്ങളിലും, ബാലവേലയെന്ന ഈ കുറ്റകൃത്യത്തോട് നാം കാണിക്കുന്ന മൃദുസമീപനത്തെ മാറ്റിയെടുക്കാൻ കഴിയുന്നില്ല എന്നത് ഖേദകരമാണ്. സമൂഹത്തിൽ നിന്നും കാണാതാകുന്ന കുട്ടികൾ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ചൂഷണത്തിനിരയാകുന്നുണ്ടാകും, സമൂഹം കണ്ണടച്ചിരുട്ടാക്കുന്നത് കൊണ്ട് ഒരു പരിധിവരെ ഈ കുറ്റകൃത്യം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇതിനൊരു മാറ്റം വരണം. വന്നേ മതിയാകൂ.