“ഓരോ വീടും ഓരോ വിദ്യാലയമാണ്, മാതാപിതാക്കൾ നല്ല അധ്യാപകരും” – ഇന്നത്തെ സാഹചര്യത്തിൽ വളരെ അർത്ഥവത്തായി തോന്നുന്ന വരികളാണ് ഈ ഗാന്ധിവചനം. COVID മഹാമാരിക്കിടയിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചിരിക്കുന്നു. പുതിയ ബാഗും, പുത്തൻ കുടയും കൊണ്ട് സ്കൂളിൽ പോയിരുന്ന കുട്ടികൾക്കെല്ലാം ഇന്ന് അവരവരുടെ വീടുകൾ തന്നെയാണ് വിദ്യാലയം. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രായോഗികതയെക്കുറിച്ച് ആശങ്കകൾ പലതും ഉണ്ടെങ്കിലും, വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ന് നമ്മുടെ മുൻപിൽ ഇതേ മാർഗ്ഗമുള്ളു. വിദ്യാലയങ്ങൾ ഒരു കുട്ടിയ്ക്ക് നൽകുന്ന മൂല്യങ്ങൾ അടുത്തറിയുന്നതിനായി, ഇത്തരം പ്രതിസന്ധികൾ നമുക്ക് പഠിപ്പിച്ചുതരുന്ന ജീവിത പാഠങ്ങൾ കുട്ടികൾക്ക് ഈ അവസരത്തിൽ നാം പറഞ്ഞുകൊടുക്കണം.
പുസ്തകത്തിലുള്ളത് മാത്രമല്ല ഒരു ഗുരുമുഖത്തു നിന്നും കുട്ടികൾ പഠിച്ചെടുക്കുന്നത് എന്നും, ഈ പ്രതിസന്ധിക്കാലം നമുക്ക് പറഞ്ഞു തരുന്നു. ഈ ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് മാതാപിതാക്കൾക്കുള്ള സ്ഥാനം അധ്യാപകരുടേത് കൂടിയാണ്. മാതാപിതാക്കളെ ധിക്കരിക്കുകയും, വിദ്യാലയങ്ങളിൽ ചൂരലിനെ പേടിച്ചും, കൂട്ടുകാരുടെ മുന്നിൽ പേരു പോകാതിരിക്കാൻ മാന്യൻമാരായി നടന്നിരുന്ന വികൃതികളിൽ പലർക്കും ഇന്ന് മാതാപിതാക്കളെ അനുസരിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. ഇന്ന്, ഈ വിഷയം ഓർത്തെടുക്കാൻ മറ്റൊരു കാരണവുമുണ്ട്, ജൂൺ 1-നാണ് ഐക്യരാഷ്ട്ര സഭ Global Day of Parents ആയി കൊണ്ടാടുന്നത്. മാതാപിതാക്കളെ ഗുരുസമാനരായി കണ്ടുകൊണ്ട് അവരോട് മാപ്പപേക്ഷിക്കാനും, അനുസരണക്കേട് മാറ്റിയെടുക്കാനും പറ്റിയ ദിവസവും ഇത് തന്നെയാണ്.
1980 മുതലാണ് സമൂഹത്തിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യം ലോക സമൂഹത്തിനു മുൻപിൽ സജീവ ചർച്ചകൾക്ക് വിധേയമാകുന്നത്. ഐക്യ രാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ നിരന്തരമായ ചർച്ചകളും, വാദപ്രതിവാദങ്ങളും ഈ വിഷയത്തിൽ ഉടലെടുത്തതിൽ നിന്നും, ഒരു കുട്ടിയെ അവന്റെ വളർച്ചയിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് കുടുംബ പശ്ചാത്തലവും, അവർ വളർന്നു വരുന്ന ചുറ്റുപാടുകളുമാണ് എന്ന് പ്രതിനിധി സഭ കണ്ടെത്തി. സ്നേഹം, കരുണ, സഹവർത്തിത്വം എന്നീ ഗുണങ്ങൾ ഒരു കുട്ടി ആദ്യം പഠിച്ചെടുക്കുന്നത് അവരവരുടെ കുടുംബങ്ങളിൽ നിന്നാണ് എന്നും യോഗം വിലയിരുത്തി. തുടർന്ന് 2012-ൽ മാതാപിതാക്കളോട് കുട്ടികൾ കാണിക്കേണ്ട ആദരവിന് ഒരു ദിനമായി ജൂൺ ഒന്നിനെ Global Day of Parents ആയി പ്രഖ്യാപിച്ചു.
ഒരു കുട്ടിയുടെ വളർച്ചയിൽ മാതാപിതാക്കൾ എടുക്കുന്ന ശ്രദ്ധയും, സഹനവും ഇന്നത്തെ കുട്ടികളിൽ മനസ്സിലാക്കി കൊടുക്കുന്നതിനാണ് ഇതുപോലെ ഒരു ദിനം ലോകവ്യാപകമായി ആചരിക്കുന്നത്. എന്നാലിന്ന് അഭിപ്രായ സ്വാതന്ത്ര്യം കുട്ടികളിൽ വരെ മാതാപിതാക്കളെ ധിക്കരിക്കാനുള്ള ഒരു ലൈസൻസ് ആയി പുതു തലമുറ കണക്കാക്കുന്നു. തന്നോടാരും ചോദിക്കണ്ട, തങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട എന്നെല്ലാം പറഞ്ഞു സമൂഹത്തിലെ ചതിക്കുഴികളിൽ പെടുന്ന ഇന്നത്തെ കുട്ടികൾ അവരവരുടെ മാതാപിതാക്കളോട് കാണിക്കേണ്ട പ്രാഥമിക മര്യാദകൾ വരെ മറന്നുപോകുന്നു എന്നത് സങ്കടകരം.
ഇന്നത്തെ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വീടുകളിരുന്നു പഠിക്കുന്ന കുട്ടികളുടെ പ്രാഥമിക മേൽനോട്ടം മാതാപിതാക്കൾക്കാണെന്നും, അവരെ ബഹുമാനിക്കേണ്ടതും അനുസരിക്കേണ്ടതും ഓരോ കുട്ടികളുടെയും ഉത്തരവാദിത്തമാണെന്നും വിദ്യാലയങ്ങൾ ഈ അവസരത്തിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. അതിലൂടെ നല്ല മാറ്റങ്ങൾ വരും തലമുറയിലെങ്കിലും കൊണ്ടുവരാൻ നമുക്ക് കഴിയട്ടെ.