വൈവിധ്യങ്ങളുടെ പര്യായമായ ഒരു നാട്; ഓരോരുത്തർക്കും അവരവരുടെ സ്വന്തം എന്ന് തോന്നിപ്പോകുന്ന ഏറ്റവും വലിയ ജനാധിപത്യങ്ങളിലൊന്ന്; അതാണ് നമ്മുടെ ഭാരതം, അഥവാ ഇന്ത്യ. വിവിധ സംസ്കാരങ്ങളുടെ സമന്വയഭൂമിയായ ഇന്ത്യ, എത്രയെത്ര ഭാഷകൾ, വേഷവിധാനങ്ങൾ, ഭാഷാ ശൈലികൾ; ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും, സിഖും, ജൈനനും, പാഴ്സിയും, ജൂതനും, ബുദ്ധമതക്കാരും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന ഇന്ത്യ. മലയാളി, തമിഴൻ, തെലുങ്കൻ, കാശ്മീരി, ബംഗാളി തുടങ്ങിയ പ്രാദേശിക സ്വത്ത്വബോധത്തിനുമപ്പുറം പിറന്ന നാടിനെ സ്നേഹിക്കുന്ന 137 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ദർശനം ലോകത്തിനു കാട്ടിക്കൊടുത്ത ഇന്ത്യ.
ഇതെല്ലാം ആവർത്തിച്ച് ഓർമ്മിപ്പിക്കേണ്ടി വന്നത്, ഇന്ത്യ എന്നാൽ ഏകതയുടെ രാജാങ്കണമാണെന്നു മറന്നുപോയ ചിലരെങ്കിലും നമുക്കിടയിൽ ഉള്ളതുകൊണ്ടാണ്. പുതിയ പോരിടമായ സൈബറിടങ്ങളെ ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരുമയെ അടക്കം ചെയ്ത ശ്മാശാനങ്ങളാക്കി മാറ്റിയത് കണ്ടിട്ടാണ്. നമുക്കിടയിലെ നിസ്‌ക്കാരത്തഴമ്പും, ചന്ദനക്കുറിയും, ചെങ്കൊടിയും മാനദണ്ഡമാക്കി ആളുകളോട് പാക്കിസ്ഥാനിലേക്കും,നേപ്പാളിലേയ്ക്കും, ചൈനയിലേക്കും പോകാൻ പറയുന്നത് കേട്ടിട്ടാണ് ഈ ഓർമ്മപ്പെടുത്തൽ വീണ്ടും നടത്തേണ്ടി വന്നത്. ഏഴു പതീറ്റാണ്ടിലേറെയായി നാം കാത്തുസൂക്ഷിച്ചുകൊണ്ടുപോകുന്ന നമ്മുടെ ഒത്തൊരുമ നിലനിർത്തുക എന്നത് ജീവശ്വാസം പോലെ ഓരോ മനസ്സുകളിലും നിലനിൽക്കേണ്ടത് അത്യാവശ്യമാണ്.
ലോകമെമ്പാടും COVID-19 മഹാമാരി ഏകദേശം ഒരു കോടിയിലേറെപേരെ പിടിമുറുക്കിയിരിക്കുന്നു; ഇന്ത്യയിലാകട്ടെ ഈ വൈറസ് വ്യാപനം 5 ലക്ഷത്തിൽ എത്തിനിൽക്കുന്നു. സ്വദേശത്തും വിദേശത്തുമുള്ള നമ്മുടെ സഹോദരങ്ങൾ ഈ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നു. ചരിത്രത്തിൽ നമ്മുടെ ബുദ്ധിയിൽ കേട്ടിരിക്കാനിടയില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോയ്കൊണ്ടിരിക്കുന്നത്. മനുഷ്യരുടെ നിലനിൽപ്പിനെ തന്നെ നിർദ്ദാക്ഷണ്യം ചോദ്യംചെയ്യുന്ന ഈ മഹാമാരി ഘട്ടത്തിലും, നമ്മളിൽ ചിലർ, അവർക്കു മുകളിൽ പലവിധ സമ്മർദ്ദങ്ങളും, പ്രലോഭനങ്ങളും, ചെലുത്തി ലാഭമുണ്ടാക്കുന്നവർക്കായി വിഭാഗീയതയുടെ വിത്തുകൾ മുളപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
സമൂഹത്തിന്റെ നിലനില്പിലും കെട്ടുറപ്പിലും വിഷവിത്തിറക്കുവാൻ ശ്രമിക്കുന്നവർ ഒന്നോർക്കണം, നമുക്കുള്ളിൽ ഐക്യം നഷ്ടമാകുമ്പോൾ നമ്മുടെ അയല്പക്കങ്ങൾ നമുക്കെതിരെ ഐക്യപ്പെടുകയാണ്. നമ്മുടെ അഖണ്ഡതയ്ക്കും, നിലനിൽപ്പിനും വേണ്ടി ജീവത്യാഗം ചെയ്തവർ, നാം ഈ പറയുന്ന അയല്പക്കങ്ങളുടെ കടന്നു കയറ്റത്തെ ചെറുക്കാൻ വേണ്ടിയായിരുന്നു സ്വയം സമർപ്പിച്ചത് എന്ന് മറക്കരുത്. നാം വിശ്വസിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങൾ നമ്മളിൽ പലരീതിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നല്കിയെന്നുവരാം; പക്ഷെ ഒരു നിമിഷത്തേയ്ക്ക് ആ മരണങ്ങളിൽ ഒന്ന് നമ്മുടെ ഉറ്റവരാരെങ്കിലും ആണെന്ന് കരുതിനോക്കു. ഇതിനു നമുക്കാകണമെങ്കിൽ മനസ്സിൽ നിന്നും വൈരവിഷം നീക്കം ചെയ്യണം. പഠിച്ചെടുത്ത സംഹിതകൾ ഒരാവർത്തികൂടി വായിച്ചുമനസ്സിലാക്കിയ ശേഷം, നാം മനുഷ്യർ, മനുഷ്യത്വം വേണ്ടവർ എന്ന ചിന്ത വളർത്തിയെടുക്കണം.
യുദ്ധനീതിയിൽ ശത്രുവിന്റെ ശത്രു, മിത്രം എന്ന ശൈലിയിൽ നമ്മുടെ അഖണ്ഡതയെ പുറമേ നിന്നും അതിർത്തി രാജ്യങ്ങൾ ചോദ്യം ചെയ്യുമ്പോൾ, നമുക്കുള്ളിൽ തന്നെ ഭിന്നിപ്പുണ്ടാകുന്നത് നമ്മുടെ നിലനിൽപ്പിനെ ബാധിക്കും എന്ന് മനസിലാക്കാനുള്ള വിവേകം ഈ ഘട്ടത്തിൽ ആവശ്യമാണ്. ഒരുമയോടെ നിൽക്കുന്ന ഇന്ത്യയ്ക്ക് പ്രതിസന്ധികൾ നേരിടാൻ ആരുടേയും സഹായം ആവശ്യമില്ല; കാരണം ഓരോ ഇന്ത്യക്കാരനിലും ഒരു ദേശസ്നേഹി ഒളിഞ്ഞിരിപ്പുണ്ട്; പോരാട്ടവീര്യത്തിന്റെ കനൽ നീറുന്ന ഒരു ദേശസ്നേഹി. അതുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കാണുന്ന ഭിന്നത കണക്കിലെടുത്ത് അതിർത്തി കടക്കാനൊരുങ്ങും മുൻപ് ആലോചിക്കുക, ഇപ്പുറം ഇന്ത്യയാണ്, ശാന്തമായി നീങ്ങാൻ ആഗ്രഹിക്കുന്ന അതീവ പ്രഹരശേഷിയുള്ള ഒരു സമാധാനകാംക്ഷിയായ ഇന്ത്യ.