ജൂൺ 5, ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും, കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ആഗോളതലത്തിൽ പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതി ശോഷണവും, ക്രമാതീതമായ പരിസ്ഥിതി ചൂഷണവും തടയുന്നതിനായി, 1972-ൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിലാണ് പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചത്. ജീവിത വേഗത്തിൽ, മനുഷ്യ സൗകര്യങ്ങൾ പുറംതള്ളുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വിഷവാതകങ്ങൾ പ്രകൃതിയുടെ സുസ്ഥിരമായ നിലനിൽപ്പിന് തന്നെ ഭീഷണിയായികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമടങ്ങുന്ന തലമുറ പൊയ്കൊണ്ടിരിക്കുന്നത്.
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും, കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. പ്രകൃതിയിലേക്ക് നാം പുറംതള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് ചുരുക്കുകയും, ഇതിനു ആക്കം കൂട്ടുന്ന പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തി, ആൾട്ടർനേറ്റീവ് എനർജി സംവിധാനങ്ങളായ വിൻഡ് മിൽ സംവിധാനംകൊണ്ടും, സോളാർ ഊർജ്ജത്തിൽ നിന്നും മോട്ടോറുകളും, ഫാക്ടറികളും പ്രവർത്തന ക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ രാജ്യങ്ങളും കൈവരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രയത്നത്തിന് കാർബൺ ന്യൂട്രാലിറ്റി അഥവാ സീറോ കാർബൺ ഫൂട്ട്പ്രിന്റ് എന്ന് പറയുന്നു. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനും ആഗോളതാപനത്തിനും കാരണമാകുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുക എന്ന ലക്ഷ്യമാണ് ഓരോ ലോകരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
‘Celebrate Biodiversity‘ എന്നതാണ് 2020-ലെ ലോക പരിസ്ഥിതി ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. ജൈവ വൈവിധ്യമാർന്ന ഒരു ലോകം നമുക്ക് മുന്നിൽ നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആശയത്തിലൂടെ ലക്ഷ്യംവെക്കുന്നത്.ലോകരാജ്യങ്ങളിൽ വച്ച് ഏറ്റവും ജൈവവൈവിധ്യ സമ്പുഷ്ടമായ കൊളംബിയയാണ് ഈ വർഷം ഈ ആശയത്തിന് നേതൃത്വം കൊടുക്കുന്നത്. ആമസോൺ മഴകാടുകളോട് ചേർന്ന് കിടക്കുന്ന കൊളംബിയ, പക്ഷി വൈവിധ്യങ്ങളിൽ ലോകത്ത് ഒന്നാമതും, മറ്റു ജൈവ സമ്പത്തിൽ രണ്ടാം സ്ഥാനത്തും നിലകൊള്ളുന്നു. എന്നാൽ ഇതോടൊപ്പം നമ്മൾ ഓരോരുത്തരും, ഇതിനു മുൻപുള്ള വർഷങ്ങളിലെ ആശയങ്ങൾ എത്രമേൽ നടപ്പിലായി എന്ന് വിശകലനം ചെയ്യേണ്ടതുമുണ്ട്. 2019-ൽ വായുമലിനീകരണത്തിന് എതിരായും, 2018-ൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരായും നാം ചെയ്തതും, ചെയ്യാനിരുന്നതും ആയ കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള ശ്രമങ്ങൾ കൂടി ലോക രാജ്യങ്ങൾ ഈ വേളയിൽ നടത്തേണ്ടതുണ്ട്.
ഉള്ള മരങ്ങൾ വെട്ടിക്കളഞ്ഞ ശേഷവും, അവസാന തുള്ളി കുടിനീരിൽ വരെ വിഷം ചേർത്ത ശേഷവും, പുഴകളെയും, തോടുകളെയും, പൊന്തക്കാടുകളെയും വരെ ഇല്ലാതാക്കുകയും, ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്ക് കുടപിടിച്ച് കൊടുത്ത ശേഷവും വരും തലമുറയോട് ജൈവ വൈവിധ്യത്തെക്കുറിച്ചും, പരിസ്ഥിതിയെക്കുറിച്ചും വാചാലരാകുന്ന നമ്മൾ, ഈ ദിനത്തെ വർഷം തോറും ഓർത്തെടുത്ത് മണ്ണിൽ വിത്ത് മുളപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പലപ്പോഴും മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനത്തിന് ചെടികൾ കൊട്ടിഘോഷിച്ച് നട്ട, അതേ കുഴികളിൽ തന്നെയായിരിക്കാം പുതിയവയും നടുന്നത്. സത്യത്തിൽ പലപ്പോഴും ഈ ഒരു ദിനത്തോടുള്ള വൈകാരിക തൃപ്തിയിൽ ഒതുങ്ങുന്നു പരിസ്ഥിതി ദിനാചരണം എന്ന് തോന്നിപോകുന്നു. എന്നാൽ വീടിനുള്ളിൽ മനുഷ്യൻ അഭയം കണ്ടെത്തിയ ഈ COVID-19 കാലഘട്ടം നമുക്ക് കാണിച്ചു തന്നു, മനുഷ്യൻ പ്രകൃതിയിലേക്കുള്ള കടന്നു കയറ്റം കുറയ്ക്കുമ്പോൾ വർഷങ്ങളായി ചർച്ച ചെയ്തിരുന്ന ഓസോൺ പാളികൾ വരെ പൂർവ്വ സ്ഥിതിയിൽ പ്രകൃതിയ്ക്ക് മേൽ ജീവന്റെ തുടിപ്പുകൾ നൽകും വിധത്തിൽ കരുതലിന്റെ മറതീർത്തിരിക്കുന്നു എന്ന സത്യം.