ഉറങ്ങിക്കിടക്കുന്ന നമ്മുടെ ചരിത്രങ്ങളുമായി അടുത്തിടപഴകാൻ തയ്യാറാണെങ്കിൽ, അവ നമുക്ക് മനസ്സിലാക്കി തരുന്ന ചില പാഠങ്ങളുണ്ട്. അതിൽ പ്രധാനമായ ഒന്നാണ്, ഇന്ന് നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യം എന്നത് ഒരു ഇഷ്ടദാനമല്ല, മറിച്ച് നിശ്ചയദാർഢ്യത്തോടെ, വിട്ടുവീഴ്ചകളില്ലാത്ത ത്യാഗങ്ങളിലൂടെ, പോരാടി നേടിയെടുത്തതാണ് എന്നത്. പലകാരണങ്ങൾ കൊണ്ട് തലമുറകളുടെ ചിന്തകളിൽ നാം സ്വാതന്ത്ര്യത്തെ ദാനമായി കാണാനുള്ള വിത്തുകൾ പാകിയെങ്കിലും, സത്യം സത്യമായി തുടരുന്നു. വ്യക്തമായ ഉദ്ധേശശുദ്ധിയോടെ പല മഹാരഥന്മാരും നടത്തിയ പോരാട്ടങ്ങളുടെയും, ആത്മ ത്യാഗങ്ങളുടെയും കഥകൾ പലപ്പോഴും നാം വിസ്മരിക്കുന്നു.
“ഇത് രാജ്ഞിയുടെ അധികാരഭൂമിയല്ല, വന്നവർ അവരാണ്, തിരിച്ചു പോകേണ്ടതും അവർ തന്നെ “, ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ തിക്താനുഭവങ്ങളിൽ നിന്നും ഇന്ത്യയിലുള്ള ആദിവാസി സമൂഹത്തിന്റെ മുഴങ്ങുന്ന ശബ്ദസാന്നിധ്യമായി മാറിയ ധീര ദേശാഭിമാനി ശ്രീ. ബിർസ മുണ്ഡയുടെ വാക്കുകളാണ് ഇത്.
“പച്ചരിയിൽ നിന്നും ഉണ്ടാക്കുന്ന ബിയറും, കള്ള ചാരായവും നിങ്ങൾ ഉപേക്ഷിക്കണം, ഈ കാരണത്താലാണ് നമ്മുടെ ഭൂമിയത്രയും നമ്മളിൽ നിന്നും കൈവിട്ട് പോകുന്നത്, മദ്യപാനവും ഉറക്കവും നമ്മളിൽ അടിച്ചേല്പിക്കപ്പെട്ടതിലെ ചതി നമ്മൾ തിരിച്ചറിയണം അല്ലങ്കിൽ ചാരായം പോലെ നമ്മുടെ ശരീരവും പുളിച്ചു പോയേക്കാം.” ഇരുപത് വയസ്സുള്ള ബിർസയുടെ വൈകാരികമായ ആത്മ രോഷമായിരുന്നില്ല ഈ വാക്കുകൾ, അടിച്ചമർത്തലിന്റെയും, അടിയാൻ സംവിധാനത്തോടുള്ള ആദിവാസി സമൂഹത്തിന്റെ ശക്തമായ എതിർപ്പായി മാറുകയായിരുന്നു ഈ വാക്കുകൾ.
ഉടമകൾ എങ്ങിനെ അടിമകളായി എന്നും, പിന്നീട് എങ്ങിനെ തിരസ്കൃതരായി എന്നതും, ഈ വാക്കുകളിൽ വ്യക്തമാണ്; അന്നും, ഇന്നും ഒരുപോലെ സത്യമായ വാക്കുകൾ. അന്ന് ചൂഷകർ വിദേശികളായിരുന്നെങ്കിൽ, ഇന്ന്, തേച്ചുമിനുക്കിയ കപട നീതിബോധം അഭിനയിച്ച്, ധാർമിക പ്രസംഗങ്ങൾ തൊഴിലാക്കിയ, പരോപജീവികൾ പോലും നാണിച്ച് പോകുന്ന നാടൻ ചൂഷകർ എന്ന വ്യത്യാസം മാത്രം. ഇന്നേക്ക് 120 വർഷങ്ങൾക്ക് മുൻപ് 1900 ജൂൺ 9-ന് 25-ആം വയസ്സിൽ റാഞ്ചി ജയിലിൽ വച്ച് മരണമടഞ്ഞ കാടിന്റെ മക്കൾക്ക് വേണ്ടി ശബ്ദമുയർത്തിയ ധീര ദേശാഭിമാനിയുടെ ഓർമ്മയിലേക്കാണ് ഇന്നത്തെ നമ്മുടെ ചിന്തയെ കൊണ്ടുപോകുന്നത്.
1875 നവംബർ 15-ന് അന്നത്തെ ബംഗാൾ പ്രസിഡന്സിക്ക് കീഴിലുള്ള ഉലിഹത്തു ഗ്രാമത്തിൽ ജനിച്ച ബിർസ, ചെറുപ്പത്തിൽ മറ്റേതൊരു കുട്ടിയെപ്പോലെയും മണ്ണിൽ കളിച്ചും, ആടുകളെ മേച്ചും, കാടിനെ സ്നേഹിച്ചും വളർന്നു. പഠിക്കാനുള്ള അവന്റെ താൽപ്പര്യം തിരിച്ചറിഞ്ഞ സൽഗയിലെ സ്കൂളിൽ നിന്നും പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം തുടർപഠനത്തിനായി ബിർസയെ ജർമൻ മിഷൻ സ്കൂളിലേയ്ക്ക് പറഞ്ഞയക്കുന്നു. ക്രിസ്ത്യൻ മിഷനറിക്ക് കീഴിലുണ്ടായിരുന്ന ആ വിദ്യാലത്തിൽ പഠിക്കണമെങ്കിൽ അന്ന് മത പരിവർത്തനം നിർബന്ധമായിരുന്നു, അങ്ങിനെ മുണ്ഡ സമുദായത്തിൽ നിന്നും ആ ബാലൻ ബിർസ ഡേവിഡ് ആയി മാറി.
പഠന ശേഷം തന്റെ സമുദായം അനുഭവിക്കുന്ന പീഡനങ്ങളും, കാട് കയ്യേറി നാണ്യവിളകൾ കൃഷി ചെയ്യുന്ന ബ്രിട്ടീഷ് സമ്പ്രദായവും തിരിച്ചറിഞ്ഞ ബിർസ, തിരികെ തന്റെ നാട്ടിലെത്തി ആദിവാസി സമൂഹത്തിന്റെ ശബ്ദമായി മാറുകയും, ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള ആ പ്രദേശത്തിന്റെ ചെറുത്തുനില്പ്പായി മാറുകയും ചെയ്തു. ആയോധന കലകളിലും, കാടിന്റെ യുദ്ധമുറകളിലും പ്രാവീണ്യം തെളിയിച്ച ബിർസ തീ തുപ്പുന്ന ബ്രിട്ടീഷ് തോക്കുകളെ ധീരമായി നേരിടാനും, “ഇത് നമ്മുടെ രാജ്യമാണ്” എന്ന് കൂടെയുള്ള ആളുകളെ ബോധ്യപ്പെടുത്താനും, ഒരുമിച്ചു നിർത്താനും ശ്രദ്ധിച്ചു. ആഭിചാരങ്ങള്ക്കും, അനാചാരങ്ങൾക്കും വിളനിലമായ അന്നത്തെ ഗോത്ര സംസ്കാരത്തെ ശുദ്ധീകരിക്കുന്നതിലും, ബോധവൽക്കരിക്കുന്നതിലും അദ്ദേഹം സ്വാധീനം ചെലുത്തി. ബിർസയുടെ ഇടപെടലുകൾ തടസ്സമായി കണ്ട ബ്രിട്ടീഷ് പട്ടാളം 1900-ൽ അദ്ദേഹത്തെ കയ്യും കാലും ചങ്ങലയാൽ ബന്ധിച്ച് അറസ്റ്റ് ചെയ്യുകയും തുടർന്ന് റാഞ്ചി സെൻട്രൽ പ്രിസണിൽ വച്ച് ജൂൺ 9- നു ആ ധീര ദേശാഭിമാനി നാടിനോട് വിടപറയുകയും ചെയ്യുന്നു.
ഇന്നും പാര്ലമെന്റ് മന്ദിരത്തിന്റെ ചുവരിൽ വീര ദേശാഭിമാനികളുടെ ഛായാചിത്രങ്ങളുടെ കൂട്ടത്തിൽ ബിർസയുടെ ചിത്രവും കാണാൻ കഴിയുന്നു. വർഷങ്ങൾക്കിപ്പുറം റാഞ്ചി വിമാനത്താവളം ബിർസ വിമാനത്താവളം എന്നറിയപ്പെട്ടതും, ബിർസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബിർസ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ‘ഗാന്ധി സെ പെഹലെ ഗാന്ധി’ എന്ന 2008-ൽ ഇദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ഹിന്ദി സിനിമ, 1988-ൽ ഇന്ത്യാ പോസ്റ്റ് പുറത്തിറക്കിയ തപാൽ മുദ്ര, ബിർസയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത ബംഗാളി എഴുത്തുകാരിയും, ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവുമായ മഹാശ്വേതാദേവിയുടെ ‘ആരണ്യർ അധികാർ ‘ എന്ന കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ കൃതിയുമെല്ലാം, രാഷ്ട്രം ഈ വീരപുരുഷന് നൽകിയ ആദരമായി കണക്കാക്കാം.
ഇന്ത്യൻ ആർമിയിലെ ബീഹാർ റജിമെന്റിന്റെ “ബിർസ മുണ്ഡ കി ജയ്” എന്ന വീര മുദ്രാവാക്യത്തിലൂടെ ഈ ദേശാഭിമാനിയുടെ ശബ്ദം ഇന്നും മുഴങ്ങുന്നത്, നൂറു വർഷങ്ങൾക്ക് മുൻപ് ആദിവാസി വിഭാഗങ്ങളുടെ മേൽ അടിച്ചേല്പിക്കപെട്ട വിവിധ ചൂഷണങ്ങൾ ഇന്നും തുടരുന്നതിന്റെ ഓർമപ്പെടുത്തലാണ്. ഓരോ ചരിത്രവും ഓരോ ജീവിത സത്യങ്ങളാണ് നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നത്, നടന്നു വന്ന വഴികളിൽ നമുക്ക് മുൻപേ നടന്നവരുടെ ജീവിതപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള തുടർന്നടത്തമാണ് പലപ്പോഴും ഇന്നത്തെ ജീവിതം, അവയിൽ ചിലതെല്ലാം നാം മറന്നുപോകുന്നു എന്ന് മാത്രം.