നട്ടതും മുളച്ചതും

Editorial
നട്ടതും മുളച്ചതും – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി ഒൻപത് ലക്ഷം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ നമ്മുടെ സംസ്ഥാനം തീരുമാനമെടുത്തിരിക്കുന്നു. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് 81 ലക്ഷം മരങ്ങളും തുടർന്ന് രണ്ടാംഘട്ടത്തിൽ 28 ലക്ഷം തൈകൾ കൂടി നടാനുള്ള നല്ല ഒരു തീരുമാനമാണ് കൈകൊണ്ടിട്ടുള്ളത്.

പക്ഷെ ഈ തലമുറയിൽ നാം വയ്ക്കുന്ന ഒരു വൃക്ഷത്തൈ വരും തലമുറയിലേയ്ക്കും കൂടി നിലനിൽക്കും എന്ന ഉറപ്പും ഇത്തരം തിരുമാനങ്ങളോടൊപ്പം കൈക്കൊള്ളേണ്ടതുണ്ട്. മുൻ വർഷങ്ങളിൽ ലോക പരിസ്ഥിതി ദിനതോനനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് കൊടുത്തുവിട്ട വൃക്ഷതൈകൾ ഇന്നും എത്രയിടങ്ങളിൽ നിലനിൽക്കുന്നു എന്ന് ഓരോ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ഒരു ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്. ഒരു ദിവസത്തേക്ക് പ്രകൃതിയിലേക്ക് നോക്കുന്നതിനു പകരം നമ്മുടെ കുട്ടികളുടെ ദിനചര്യയുടെ ഭാഗമായി ഒരു മരം അവരോടൊപ്പം വളർന്നു വരേണ്ടതിൻറെ ജീവിത പാഠം അവരെ പഠിപ്പിക്കുന്നതാണ് കൂടുതൽ ഉചിതം. പ്രകൃതിയ്ക്ക് വേണ്ടി നാം ഓരോരുത്തർക്കും എത്ര ചെയ്യുവാൻ കഴിയും എന്ന് നമുക്ക് മുന്നിൽ ജീവിച്ച് കാണിച്ചു തന്ന ചില മനുഷ്യരെക്കുറിച്ച് പങ്കുവയ്ക്കാം.

ആലപ്പുഴയിലെ മുഹമ്മയിൽ കായിപ്പുറം പട്ടണത്തിന്റെ നടുക്ക് തന്റെ വീടിനോട് ചേർന്നുള്ള ഒന്നര ഏക്കറിൽ മനോഹരമായ ഒരു വനം നട്ടു വളർത്തിയ പ്രകൃതിസ്നേഹിയും 2006-ൽ ആദ്യത്തെ വനമിത്ര പുരസ്‌ക്കാരത്തിനർഹനുമായ “ശ്രീ. കെ. വി. ദയാൽ”. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന സത്യം ഒരു പാഠപുസ്തകത്തിലേതെന്നപോലെ നമ്മുക്ക് ആ ജീവിതം മനസ്സിലാക്കിത്തരുന്നു.

ഇതുപോലെ കാസർഗോഡ് ജില്ലയിലെ പരപ്പ ഗ്രാമത്തിൽ 32 ഏക്കർ വനമാക്കി മാറ്റിയ “പി. അബ്ദുൽ കരീം”. പ്രവാസമുപേക്ഷിച്ച് നാട്ടിലെത്തിയ അദ്ദേഹം തരിശ്ശ്ഭൂമിയിൽ ചെടികൾ നട്ട് വെള്ളം നനയ്ക്കുന്നത് കണ്ട് ഇദ്ദേഹത്തിന് ഭ്രാന്തുണ്ടോ എന്ന് 40 വർഷങ്ങൾക്ക് മുൻപ് ചിന്തിച്ച പലരും ഇന്ന് ആ തണലിൽ അല്പം നടക്കാൻ കൊതിക്കുന്നു. “നിങ്ങൾ പ്രകൃതിയെ സംരക്ഷിക്കാൻ അടിയുറച്ച് തീരുമാനമെടുത്താൽ ആദ്യം ചെയ്യേണ്ടത് ഊർജ്ജത്തെ സംരക്ഷിക്കുക എന്നതാണ്, വീടുകളിൽ അത്യാവശ്യങ്ങൾക്കാതെ വൈദ്യുതി പാഴാക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഊർജ്ജ സംരക്ഷണം സാധ്യമാകും” എന്ന പ്രായോഗിക തത്വവും അദ്ദേഹം വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്നു.

തൻറെ 40 വർഷത്തെ അദ്ധ്വാനംകൊണ്ട് 5 ഏക്കറിൽ ഒരു വനം നട്ടുവളർത്തുകയും വരും തലമുറയ്ക്ക് കാടിന്റെയും സസ്യ സമ്പത്തിന്റെയും ജീവിത പഠനങ്ങൾ പകർന്നുകൊടുത്ത് ഈ അടുത്തകാലത്ത് രാഷ്ട്രപതിയിൽ നിന്നും നാരീ ശക്തി പുരസ്കാരത്തിനർഹയായ “ശ്രിമതി. കൊല്ലക്കയിൽ ദേവകിയമ്മയും”. കഴിഞ്ഞ 65 വർഷമായി 8000 മരങ്ങൾ നട്ടുവളർത്തി 2019-ൽ പദ്മശ്രീ പുരസ്ക്കാരം നേടിയ കർണാടകയിലെ 105 വയസ്സ് പിന്നിട്ട “സാലുമരട തിമ്മക്കയും” മനുഷ്യൻ പ്രകൃതിയെ അളവുകോലില്ലാതെ സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യം ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു.

ഈ പറഞ്ഞവരെല്ലാം വർഷത്തിലൊരിക്കൽ പ്രകൃതിയെ സ്നേഹിക്കുന്നു എന്നറിയിച്ചവരല്ല, എന്നും പ്രകൃതിയോടിണങ്ങി ജീവിച്ചവരാണ്. സർക്കാർ സംവിധാനങ്ങൾ ഇങ്ങിനെയുള്ളവരെക്കുറിച്ച് വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന പഠന സംവിധാനങ്ങൾ സൃഷ്ടിക്കാൻ കൂടി ശ്രമം നടത്തേണ്ടത് അനിവാര്യമാണ്. തയ്യാറെടുപ്പുകൾക്ക് ഒപ്പം ഇച്ഛാശക്തികൂടി കൂടി ഉണ്ടെങ്കിൽ ഇന്ന് നടുന്ന ഓരോ മരവും ഒരു വരമായി എന്നും നിലനിൽക്കും.

Cover Photo: Noah Buscher (Unsplash)

Leave a Reply

Your email address will not be published. Required fields are marked *