ലഹരിയ്ക്ക് മുന്നിൽ കണ്ണുതുറക്കണം

Editorial
ലഹരിയ്ക്ക് മുന്നിൽ കണ്ണുതുറക്കണം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

കണ്ടറിഞ്ഞിട്ടും കൊണ്ടറിഞ്ഞിട്ടും പഠിക്കാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് എന്ന് തോന്നിപോകുന്നു. ആരുടേയും നിർദ്ദേശങ്ങൾക്കും, ശുപാർശകൾക്കും കാത്തുനിൽക്കാതെ പടർന്നു കയറുന്ന ഒരു മഹാമാരി സമ്മാനിച്ച ലോക്ക്ഡൗണിൽ, അത്യാവശ്യങ്ങൾക്ക് മാത്രം യാത്രകൾ അനുവദിച്ച ഈ സമയത്തും, നമ്മളിൽ ചിലർ അനാവശ്യങ്ങൾക്കും സമയം കണ്ടെത്തുന്നു എന്നത് ലജ്ജാകരം. കഴിഞ്ഞ ദിവസം കുട്ടികൾക്ക് പഠിക്കാനുള്ള CBSE പുസ്തകങ്ങൾക്കൊപ്പം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 65 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വരെ അനിശ്ചിതത്വത്തിന്റെ വക്കിൽ നിൽക്കുമ്പോൾ ഈ മറവിലെ കച്ചവടം എതിർക്കേണ്ടതും, പുറം തള്ളേണ്ടതും സമൂഹത്തിന്റെ ആവശ്യമാണെന്ന് നമ്മൾ ഓരോരുത്തരും ചിന്തിക്കണം.

കുട്ടികളിലെ മാറ്റങ്ങൾ വീടുകൾ അടുത്തറിയണം, അവർ പുറത്തുപോകുമ്പോൾ അവരോടൊപ്പം സമൂഹത്തിലെ കഴുകക്കണ്ണുകളും ഉണ്ടെന്നു തിരിച്ചറിയണം. എല്ലാം സ്വന്തം വീട്ടിൽ അപകടകരമായ അവസ്ഥകൾ വരുമ്പോൾ മാത്രം പഠിക്കാം എന്ന ആ സൗകര്യ ചിന്ത നമ്മുടെ ഓരോ വീടുകളും മാറ്റിയെടുക്കണം. കാരണം ഈ കണ്ണുവെട്ടിച്ചു കൊണ്ടുവരുന്ന ലഹരി ഉപയോഗിക്കുന്നത് നമ്മുടെ പ്രബുദ്ധകേരളമാണ്, ഇവിടെയുള്ള കുട്ടികളാണ്. സമൂഹത്തിലെ ഏറ്റവും പ്രായംകുറഞ്ഞവരിലേയ്ക്ക് ലഹരി കടന്നു കയറാൻ തുടങ്ങുന്നത് നാം തിരിച്ചറിയണം. ഒരിക്കൽ ഈ പുകയിലോ, മരവിപ്പിലോ മനസ്സകപ്പെട്ടാൽ തിരിച്ചുവരവ് ദുഷ്ക്കരമാണെന്നും ഓർക്കണം.

മുൻപെല്ലാം മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന ഇത്തരം മറവിലെ കച്ചവടങ്ങൾ ഇന്ന് നമ്മുടെ ഓരോ ഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച് നടക്കുന്നതിലെ തന്ത്രം നാം മനസ്സിലാക്കണം. ഗ്രാമങ്ങളിലെ നിഷ്കളങ്കത മറയാക്കി പിടിച്ച് നമ്മുടെ പാടവും, തോടും, ഓവുപാലങ്ങളും, ഒഴിഞ്ഞ വീടുകളും ഇന്ന് ഇത്തരം കച്ചവട കേന്ദ്രങ്ങളായി സമൂഹത്തിലെ ഇത്തരം കച്ചവടക്കാർ ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടിൻപുറങ്ങൾ തിരിച്ചറിയണം.

ബംഗളൂരുവിലെ യലഹങ്ക കേന്ദ്രീകരിച്ച് നടത്തുന്ന ഒരു വലിയ വിപണന സംവിധാനത്തിലെ ഏതാനും കണ്ണികളാണ് കേരളത്തിൽ പിടിക്കപ്പെട്ടവരും എന്ന് പറയുമ്പോൾ, അറ്റവും വാലും തൊടാതെ ഈ വിഷയം കണ്ണികളിൽ ഒതുങ്ങി നിൽക്കുന്ന അന്വേഷണങ്ങളായി പരിണമിക്കുന്ന കാഴ്ചകൾക്കാണ് പലപ്പോഴും നാം സാക്ഷ്യം വഹിച്ചിട്ടുള്ളത്. ആന്ധ്രയിലെ നെല്ലൂരും, ഗോവയും, മംഗലാപുരവും വരെ നീളുന്ന വലിയ കച്ചവട ലോബികളിലേയ്ക്ക് എത്തുന്നതിനായി കടമ്പകളേറെയുണ്ടായിക്കാം; പക്ഷെ ഇതിന്റെ ഉപഭോക്താക്കളായ നമ്മുടെ കുട്ടികളെ ബോധവൽക്കരിക്കാൻ നമ്മുടെ ഓരോ വീടുകളും, സ്കൂളുകളും, സർവ്വോപരി സമൂഹവും തയ്യാറാവണം.

അടൂരിൽ കഴിഞ്ഞ ദിവസം ക്വാറന്റൈനിൽ കഴിയുന്ന സുഹൃത്തിനായി അലുവയിൽ കഞ്ചാവ് ഒളിപ്പിച്ച് എത്തിച്ചുകൊടുത്ത മനസ്സിന്, കറുപ്പ് ബാധിച്ച സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ട് എത്ര ദോഷകരമെന്നു തെളിയിക്കുന്നു എന്ന് മാത്രമല്ല ഇതിന്റെ വ്യാപനം എത്രമേലുണ്ടെന്നു മനസ്സിലാക്കിത്തരുന്നതുമാണ്. ഇത്ര പകൽ വെളിച്ചത്തിലും നമുക്ക് ചുറ്റും ഇതെല്ലം നടക്കുന്നത് എന്ത് കൊണ്ട് എന്ന് ഒരു നിമിഷം ആലോചിക്കുക. ഉത്തരം ലളിതമാണ്; പകൽ വെളിച്ചത്തിലും നമ്മുടെ നാട്ടിൻപുറങ്ങളിലും ഇരുട്ട് വ്യാപിച്ചിരിക്കുന്നു; തന്റെ ചുറ്റും നടക്കുന്ന ഒന്നും തന്നെ ബാധിക്കുന്നില്ല എന്ന സമൂഹത്തിന്റെ ഉത്തരവാദിത്വബോധമില്ലായ്മയിൽ നിന്നും പടരുന്ന അപകടകരമായ ഇരുട്ട്. ഈ ഇരുട്ട് മറയാക്കി നമ്മുടെ ഒഴിഞ്ഞ പറമ്പുകൾ, പാടങ്ങൾ, തോട്ടങ്ങൾ മുതലായവയിൽ പകൽ വെളിച്ചത്തിലും ലഹരിയുടെ വിപണനം കൊഴുക്കുന്നു.

സിരകളെ മത്തുപിടിപ്പിക്കുന്ന ലഹരിയിലേയ്ക്ക് നമ്മുടെ വരും തലമുറ തപ്പിത്തടഞ്ഞു നടക്കുന്നതിന് തടയിടണമെങ്കിൽ ഇതിൽ നിന്നും കച്ചവട ലാഭമുണ്ടാക്കുന്നവരോട് “ഈ കച്ചവടത്തിനു നമ്മുടെ നാട്ടിൽ ഇടമില്ല” എന്ന് സമൂഹത്തിന് ഒറ്റകെട്ടായി പറയാൻ സാധിക്കണം. അതിനായി നമ്മുടെ കുട്ടികളെയും, കോളേജുകളെയും ശുദ്ധമാക്കേണ്ട ചുമതല നമ്മൾ ഓരോരുത്തരും ഏറ്റെടുക്കണം; പോലീസ് സംവിധാനങ്ങളെ ശരിയായി ഉപയോഗിക്കണം. ഈ വിഷയത്തിലും മതത്തിന്റെയും, വർഗത്തിന്റെയും, രാഷ്ട്രീയത്തിന്റെയും എല്ലാം തരാം തിരിവുകൾ ഉണ്ടാക്കികൊണ്ട് ജനങ്ങളെ ഒത്തൊരുമയോടെ ഈ വിപത്തിനെ എതിർക്കുന്നതിനു തടയിടാൻ ഇറങ്ങുന്ന ബ്രോക്കർമാർ ഉണ്ടായിരിക്കും. അത്തരം ബ്രോക്കർമാരോട് മേലനങ്ങി, വിയർപ്പിന്റെ വില അറിഞ്ഞു ജീവിക്കാൻ പറഞ്ഞ് മനസ്സിലാക്കാൻ കഴിയുന്ന സമൂഹ ബോധത്തിലേക്ക് നമ്മുടെ പൊതുസമൂഹം വളരണം. ഇല്ലെങ്കിൽ ഓരോ കുടുംബത്തിലെയും ഭാവി തലമുറയെ കുരുതികൊടുക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് നമ്മളും മൗനാനുവാദം നല്കുകയാണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും.

ഈ കറുത്ത കച്ചവടത്തിന് കുടപിടിക്കാൻ ഏതൊരു രാഷ്ട്രീയ മേലാളന്മാർ വന്നാലും, അവരെ മുട്ടിലിരുത്താനുള്ള കൂട്ടായ പ്രവർത്തന കെട്ടുറപ്പ് സമൂഹം നേടിയെടുക്കണം. കാരണം ഭാവിയുടെ ബുദ്ധി മരവിപ്പിക്കുന്ന ഒരു കച്ചവടത്തിനും നമ്മുടെ സമൂഹത്തിലിടമില്ല എന്ന് ഓർമ്മിപ്പിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *