ഇരുന്ന് മടുക്കുമ്പോൾ മനസ്സുകൾ മരവിക്കുന്നു

Editorial

തിരക്ക് പിടിച്ച നമ്മുടെ ജീവിത ചുറ്റുപാടുകളിൽ നിന്ന് ഒരു നിർബന്ധിത ഗൃഹവാസ കാലത്തിലേയ്ക്ക് നമ്മൾ തളയ്ക്കപ്പെടുമ്പോൾ പല കുടുംബാന്തരീക്ഷങ്ങളും കലുഷിതമാകുന്നു. ആദ്യമാദ്യം ഈ ഒഴിവു ദിനങ്ങളെ ഇഷ്ടത്തോടെ നോക്കിക്കണ്ട നാം പതുക്കെ പതുക്കെ മനസ്സുകളെ നിർജ്ജലീകരണാവസ്ഥയിലേയ്ക്ക് എത്തിച്ചിരിക്കുന്നു. മനസ്സിന്റെ നിർജ്ജലീകരണമോ? ശരീരത്തിലെ ജാലംശം കുറഞ്ഞുണ്ടാകുന്ന അവസ്ഥയെയാണ് നിർജ്ജലീകരണം എന്ന് പറയുന്നത്. അതുപോലെയുള്ള അവസ്ഥയിലൂടെ നമ്മുടെ മനസ്സുകളും കടന്നുപോകാം. പണ്ടെല്ലാം നമുക്കുള്ള കാഴ്ചകൾക്കും, അറിവുകൾക്കും ഒരുപാട് പരിമിതികളുണ്ടായിരുന്നു. ബുദ്ധിയോടൊപ്പം കായികമായി നാം നിലങ്ങളിൽ പണിയെടുക്കാൻ മടികാണിക്കാതിരുന്നതും അതുകൊണ്ടായിരുന്നു, എന്നാലിന്ന് തട്ടിൻപുറ കൃഷികൾ, അടുക്കള തോട്ടങ്ങൾ, വിശ്രമ വിനോദങ്ങൾ എല്ലാം നമ്മുടെ മൊബൈലിൽ കണ്ടശേഷം അതിനൊരു കയ്യൊപ്പിട്ട് നമ്മുടെ സമൂഹമാധ്യമ സുഹൃത്തുക്കൾക്ക് കൈമാറുന്നതിൽ ഒതുങ്ങുന്നു നമ്മുടെ ഒഴിവുകാല വിനോദം.


കേൾക്കാം ഈ എഡിറ്റോറിയൽ!

എന്നാൽ ഇത്തരം കാഴ്ചകൾ അധികരിക്കുമ്പോൾ നമ്മുടെ മനസ്സിന്റെ അവസ്ഥകളിൽ മാറ്റം വരുന്നത് നാം അറിയാതെ പോകുന്നു. പെട്ടെന്നുണ്ടാകുന്ന ദേഷ്യം, ആവലാതികൾ, ചുറ്റും പ്രശ്നങ്ങളാണെന്ന തോന്നൽ, വിഷയ ദാരിദ്ര്യം, ഭീതി, ഒന്നും ശരിയായി നടക്കുന്നില്ലന്ന വിലയിരുത്തലുകൾ അങ്ങിനെ നമ്മൾ പോലും അറിയാതെ മനസ്സുകൾ തമ്മിൽ അകലാനിടവരുന്നു. നിറഞ്ഞു കവിയുന്ന കാഴ്ചകൾക്കും, ചിന്തകൾക്കും നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുവാനോ, ആശ്ചര്യപ്പെടുത്തുവാനോ കഴിയാതെ പോകുന്നു. സംസാരങ്ങൾ ചുരുങ്ങി, എഴുതിപ്പറച്ചിലിലേയ്ക്കും, മൗന സ്‌മൃതികളിലേയ്ക്കും മനസ്സിനെ നമ്മൾ അറിയാതെ തന്നെ തളച്ചിടുന്നു.

ഈ ലോക്ക്ഡൗൺ കാലത്ത്, കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ ഏകദേശം 500-ൽ പരം ഗാർഹിക പീഡന കേസുകളാണ് നമ്മുടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.കേസ് രജിസ്റ്റർ ചെയ്യാത്ത എത്രയോ അവസ്ഥകൾ വേറേയും ഉണ്ടായിരിക്കാം. മുഖം കാണാതെയുള്ള ആശയവിനിമയ രീതികൾ ഇഷ്ടപ്പെടുന്ന ഇന്നത്തെ മനസ്സുകൾ വീടുകളിൽ ഇടവേളകളില്ലാതെ തമ്മിൽ തമ്മിൽ കാണേണ്ടിവരുമ്പോളുള്ള പിണക്കങ്ങളിൽ തൊട്ട്, സമൂഹ മധ്യത്തിൽ നിന്നിരുന്നവർ അവരവരുടെ വീടുകളിലേക്ക് ചുരുങ്ങുമ്പോളുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും ഇതിനൊരു കാരണമായി കാണാം. വീട്ടിലിട്ടിരിക്കുമ്പോൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നതിലും കൂടുതൽ മൊബൈലിൽ സദാസമയവും കണ്ണുകളെയും ബുദ്ധിയെയും തളച്ചിടുന്നതിൽ ജീവിത പങ്കാളി പരാതി പറഞ്ഞു തുടങ്ങിയ ഒരു സൗന്ദര്യപ്പിണക്കം, പിന്നീട് കയ്യാങ്കളിയിലെത്തിയതും, സ്ഥിരം മദ്യപാനിയായിരുന്ന ഒരാൾക്ക് തന്റെ മദ്യപാന രീതികൾക്കുണ്ടായ മാറ്റത്തെ ഉൾകൊള്ളാൻ കഴിയാതെ വീട്ടുകാരിയേയും കുട്ടികളെയും ആക്രമിക്കുന്ന അവസ്ഥയിലെത്തുന്നതും എല്ലാം ഗാർഹിക പീഡനങ്ങൾക്ക് ഉദാഹരണങ്ങളായി കണക്കാക്കാം.

ഇതിനെല്ലാം കാരണമായി കണക്കാക്കേണ്ടത് കുറച്ച് കാലമായി നമ്മുടെ ജീവിത രീതിയിൽ വന്ന മാറ്റമാണ്. എല്ലാത്തിനോടും പെട്ടന്നൊരു മടുപ്പും മരവിപ്പും ഉടലെടുക്കുന്നതും ഈ മാറ്റത്തിന്റെ തെളിവായി കണക്കാക്കാം. പലപ്പോഴും, പരസ്യമായ ഒരു സ്വകാര്യതയിൽ പല കുടുംബ പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കുന്നു; പണ്ടെല്ലാം നാല് ചുവരുകൾക്കുള്ളിൽ സംസാരിച്ച് തീർന്നിരുന്നതും, കൂടിവന്നാൽ രണ്ടു ചട്ടിയും കലവും ഉടയുന്നതിലും ഒതുങ്ങിയിരുന്ന കുടുംബ പ്രശ്നങ്ങൾ വൈകാരിക തലങ്ങൾ മാറി വ്യക്തി വിദ്വേഷങ്ങളിലേയ്ക്കും അക്രമ പ്രവണതകളിലേയ്ക്കും മാറി തുടങ്ങുന്നത് നാം ഓരോരുത്തരും ഒഴിവു സമയങ്ങളിൽ ആലോചിച്ച് ഉത്തരം തേടേണ്ട അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്.

ശരീരത്തേ തളച്ചിടുന്ന ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ നാം നമ്മുടെ മനസ്സുകൾ തമ്മിൽ ഉടലെടുക്കുന്ന മാനസിക ദൂരം മനസ്സിലാക്കി കുടുംബത്തോട് ഒപ്പം കിട്ടുന്ന വിലപ്പെട്ട സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാൽ, മനസ്സുകൾ തമ്മിൽ ഏകോപിപ്പിക്കാൻ സാധിക്കും. ഈ വിഷയം അതീവ ഗൗരവമേറിയതും, നല്ല മാറ്റങ്ങൾ നമ്മുടെ കുടുംബാന്തരീക്ഷങ്ങളിൽ നിന്ന് തന്നെ ഉടലെടുക്കേണ്ടതാണെന്ന ചിന്തയും ആണ് ശ്രോതാക്കളുമായി ഈ വിഷയം പങ്കുവയ്ക്കാനുള്ള കാരണം. തുടർച്ചയായി ജീവിത വെല്ലുവിളിയുമായി ഓടിപ്പായുന്ന നമുക്ക് വീണുകിട്ടിയ അസുലഭ നിമിഷമായി നാം ഈ ഗൃഹവാസത്തെ കാണേണ്ടതുണ്ട്; അവനവന്റെ ഉറ്റവരുടെ കൂടെ എത്ര സമയമിരുന്നാലും മതിയാവാത്ത ഓരോ പ്രവാസിക്കും ഈ സമയത്തിന്റെ വില നന്നായി മനസ്സിലാകും. കുടുംബവും കുട്ടികളുമൊത്ത് ലളിതമായ കളികളിലൂടെയും, മൃദുവായ ആശയ വിനിമയത്തിലൂടെയും കഴിഞ്ഞു പോയ സമയത്തെക്കുറിച്ചല്ല മറിച്ച് വരാനിരിക്കുന്ന നല്ല ദിനങ്ങളെ മനസ്സിൽ കണ്ട് മനസ്സിനെ സദാ നിറവിൽ സൂക്ഷിക്കാൻ നമുക്കൊരരോരുത്തർക്കും കഴിയട്ടെയെന്നും, അതിലൂടെ ഈ പരീക്ഷണ കാലഘട്ടത്തെ മറികടക്കാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *