യൗവനാരംഭത്തിൽ തന്നെ നാടും വീടും വിട്ട്, ജീവിത ഭാരത്താൽ പ്രവാസം സ്വീകരിച്ചവരാണ് നമ്മളിൽ പലരും. സ്വന്തം നാട്ടിൽ നിൽക്കുക, വീട്ടുകാരുമൊത്ത് ജീവിക്കുക എന്ന ആഗ്രഹം ഉള്ളിൽ വച്ചുകൊണ്ടാണ് നാം ഓരോരുത്തരും പ്രവാസത്തിലൂടെ നീങ്ങുന്നത്. എന്നാൽ നാം ആഗ്രഹിക്കുന്ന ഈ ജീവിതം നമുക്ക് കൈപ്പിടിയിൽ എത്തി ചേരുമ്പോളേക്കും, വാർദ്ധക്യം എന്ന യാഥാർഥ്യം ഓരോ പ്രവാസിയെയും പിടികൂടുന്നു.
ടാപ്പിങ്ങിനു കാത്തുനിൽക്കുന്ന റബ്ബർ മരങ്ങൾ പോലെയാവരുത് പ്രവാസികളുടെ അവസ്ഥ. പറയുന്നതുകൊണ്ട് മുഷിച്ചിൽ തോന്നിയേക്കാം, എങ്കിലും ഒരു പ്രവാസി വാർദ്ധക്യത്തിൽ എല്ലാം നിർത്തി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന അവസ്ഥയിൽ ഒരു തൊഴിൽരഹിതൻറെ അവസ്ഥയിലാവും നമ്മളിൽ പലരും. പിറന്ന മണ്ണിലും, ജനിച്ച വീട്ടിലും തിരികെയെത്തുന്ന ഓരോ പ്രവാസിക്കും തോന്നുന്നത് തികഞ്ഞ അന്യഥാബോധവും, സാമൂഹികമായ അപരിചത്വവുമാണ്. വാർദ്ധക്യത്തിൽ വീടണയുന്ന പല പ്രവാസികൾക്കും സ്വന്തം മക്കളുടെ സ്നേഹ സമീപനം പോലും ലഭിക്കുകയില്ല, കാരണം അമ്മയുടെ ചിറകിലെ ചൂടേറ്റ് ആ സ്നേഹവാത്സല്യം മാത്രമേ അവർ അനുഭവിച്ചിട്ടുള്ളു; അതിനു പകരം നിൽക്കാൻ വൈകുന്നേരങ്ങളിലെ വിഡിയോ കോളിലൂടെ നാം സൃഷ്ടിച്ചെടുക്കുന്ന പ്രതീതി യാഥാർഥ്യം മാത്രം മതിയാവില്ല എന്നതാണ് സത്യം. ഇതിനോടൊപ്പം നാളിതുവരെ നാട്ടിലെ എല്ലാ ആവശ്യങ്ങൾക്കും മനസ്സറിഞ്ഞ് സഹായിച്ച പ്രവാസികൾക്ക്, മരുന്നിന് വേണ്ടിപോലും മക്കളുടെ മുന്നിൽ കൈ നീട്ടാൻ മനസ്സ് അനുവദിക്കില്ല.
“പത്തുമുപ്പത് കൊല്ലം ഗൾഫിൽ കിടന്നു ഇട്ടുമൂടാനുള്ളത് ഉണ്ടാക്കിയിട്ടാണ് വന്നിരിക്കുന്നത്“, വാർദ്ധക്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികളെ കാത്ത് ഇത്തരത്തിലുള്ള കമന്റുകൾ ഒട്ടേറെ നാക്കുകളിൽ കാത്തിരിപ്പുണ്ടാകും. സ്വന്തം ബുദ്ധിമുട്ടുകളും, വല്ലായ്മയും ആരോടും പങ്കുവയ്ക്കാത്ത പ്രവാസി ശീലത്തിന് ഈ വാക്കുകൾ ഒരു മനസ്സുഖം നൽകിയേക്കാം. മക്കൾക്ക് കല്യാണം നോക്കുന്ന കാലമാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ സത്യത്തിന്റെ മുഖം വികൃതമാണെന്നു പറയുന്നതുപോലെ, ഗാർഹിക വായ്പയെടുത്തും, വിദ്യാഭ്യാസ വായ്പയെടുത്തും ഒടുവിൽ അതെല്ലാം വീട്ടുന്നിടത്തോളം പ്രവാസിയായി ജീവിച്ച്, ജീവിതത്തിലെ നല്ല പ്രായമെല്ലാം വിട്ട്, ഒടുവിൽ നാട്ടിൽ തിരിച്ചെത്തുമ്പോൾ ഒന്നും നീക്കിയിരിപ്പില്ലാതെ, ഉത്തരത്തിലെ മാറാല പോലെയിരിക്കേണ്ടിവരുന്നു നമ്മളിൽ പലർക്കും.
കുറേ ചൂടും കയ്പുമേറിയ ഓർമ്മകളും, കുറച്ച് ദുഃഖവും, കുന്നോളം രോഗങ്ങളും കൂട്ടിനും. അന്ന് “ആര് പറഞ്ഞു, ലോണെടുത്ത് വീടുവയ്ക്കാൻ” എന്ന് ചോദിക്കുന്ന അഭ്യുതകാംഷികളോട്, കയറി കിടക്കാൻ ഒരു വീടെങ്കിലും ആയല്ലോ എന്ന് പറഞ്ഞു സമാധാനിക്കും. നാട്ടിലെ ഉദ്യോഗസ്ഥന്മാരുടെയും, പ്രമാണിമാരുടെയും മക്കൾക്കൊപ്പം, പ്രവാസികളുടെ മക്കളും ഉന്നത വിജയം വാങ്ങിയതിൽ നാം അഭിമാനിക്കും. അങ്ങിനെ ചിന്തിച്ചാൽ ഓരോ പ്രവാസിയും പ്രായോഗിക ജീവിതത്തിൽ വിജയം കൈവരിച്ചവർ തന്നെയാണ്. മറുനാട്ടിലെ വരുമാനം നാട്ടിലേക്കെത്തിച്ച് നാടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയതിൽ വലിയ പങ്കാണ് പ്രവാസിക്കുള്ളത്. ഇങ്ങിനെയുള്ള പ്രവാസികളെ നമ്മുടെ സർക്കാർ വാർദ്ധക്യത്തിൽ സഹായിക്കേണ്ട?
നിലവിൽ നോർക്ക റൂട്സ്, കേരളം പ്രവാസി ക്ഷേമനിധി ബോർഡ് എന്നിവ മുഖാന്തിരം ലഭിക്കുന്ന സഹായങ്ങൾ ചെറുതല്ല; പുതിയ പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതിയെയും നാം സ്വാഗതം ചെയ്യുന്നു. എന്നാൽ ഇതിലെ പ്രായോഗിക വശങ്ങൾ പുനഃപരിശോധിച്ചാൽ നന്നെന്നു തോന്നുന്നു. കാരണം ഈ ഡിവിഡന്റ് പദ്ധതിയിൽ പറയുന്ന തുകപോലും ചിലപ്പോൾ ശരാശരി വാർദ്ധക്യകാലത്ത് മടങ്ങിയെത്തുന്ന പ്രവാസികളുടെ കൈവശം ഉണ്ടായെന്നു വരില്ല. നിലവിലുള്ള പ്രവാസി ക്ഷേമനിധി തുകയും പ്രവാസി ക്ഷേമം ഉറപ്പാക്കാൻ പര്യാപ്തമല്ല. പിന്നെയുള്ളതോ വാർദ്ധക്യ പെൻഷൻ ആണ്. ഒരു സാധാരണ അതിഥി തൊഴിലാളിക്ക് പോലും 1000 രൂപ കൂലിയുള്ള ഈ കാലത്ത് ഇപ്പോഴത്തെ വാർധക്യ പെൻഷൻ തുക തുലോം തുച്ഛമാണെന്നു പറയേണ്ടതില്ലല്ലോ.
പിന്നെ എന്താണിതിനു പരിഹാരം? വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ നികുതിദായകരായ എല്ലാ 60 വയസ്സ് പിന്നിട്ടവർക്കും ഒരുപോലെ ഉപകരിക്കുന്ന വിധത്തിലുള്ള പെൻഷൻ തുക നൽകുവാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് ശ്രമിച്ചുകൂടേ? മാന്യമായ പെൻഷൻ എന്നത് എല്ലാവര്ക്കും ലഭ്യമായ ഒരു അവകാശമാക്കാൻ ഒറ്റകെട്ടായി ശ്രമിക്കാമല്ലോ. മുൻ സാമാജികനും, മുൻ സർക്കാർ ഉദ്യോഗസ്ഥനുമൊപ്പം, മുൻ പ്രവാസിക്കും, മുൻ കർഷകനും,മുൻ കൂലിവേലക്കാരനും എല്ലാം പെൻഷൻ ലഭ്യമാകാൻ സർക്കാരുകൾ ശ്രമിച്ചാൽ നടപ്പിലാക്കാവുന്നതേയുള്ളൂ.
മാതാപിതാക്കൾക്കൊരു സ്ഥിരവരുമാനമില്ലെങ്കിൽ അവരെ ഒരു ഭാരമായി കാണുന്ന ഈ കാലത്ത്, അങ്ങിനെയുള്ള ഈ കാലഘട്ടത്തിൽ, ഏതൊരാൾക്കും മാന്യമായ ഒരു പെൻഷൻ തുക സർക്കാർ സംവിധാനങ്ങൾ ഔദാര്യമല്ലാത്ത വിധം നൽകുകയാണെങ്കിൽ, ഏവരുടെയും വാർദ്ധക്യം കൂടുതൽ അർത്ഥപൂർണ്ണമാകുന്നു. പ്രവാസികൾക്കുമുണ്ട് വാർദ്ധക്യം, പ്രവാസികൾക്കുമുണ്ട് അഭിമാനം.