പ്രതിസന്ധികൾക്കിപ്പുറം ജീവിതം പതുക്കെ പഴയ മട്ടിലേയ്ക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും തുടങ്ങിക്കഴിഞ്ഞു. ഈ ഹൈടെക് യുഗത്തിലും മനുഷ്യന് യന്ത്രബുദ്ധികൊണ്ട് കണ്ടെത്താൻ കഴിയാത്ത പലതും നിലനിൽക്കുന്നുണ്ട് എന്ന് ഈ മരവിച്ച കാലം നമ്മെ ചിന്തിപ്പിക്കുന്നു. ആദ്യമെല്ലാം അന്യദേശത്തുണ്ടായ ഒരു രോഗം എന്ന നിലയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്ന ഒരു വൈറസ്, ലോകം മുഴുവൻ പടർന്നു കയറി ഒരു മഹാമാരി ആയി മാറിയത് കണ്ണടച്ച് തുറക്കുന്ന വേഗതയിലായിരുന്നു.
വാക്‌സിൻ കണ്ടുപിടുത്തതിനായി രാഷ്ട്രങ്ങൾ പരിശ്രമിക്കുമ്പോഴും, വേണ്ടത്ര പഠനങ്ങൾ ഈ അസുഖത്തെ കുറിച്ച് ആരോഗ്യമേഖലയിൽ നടക്കുന്നുണ്ട് എന്നത് അനുമാനിക്കാൻ മാത്രമേ ഈ സമയം കഴിയൂ. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ആക്രമിക്കുന്ന, ഒന്നിൽ കൂടുതൽ ജനിതക ഘടനയിൽ രാഷ്ട്രങ്ങളിൽ പ്രതിരോധമില്ലാതെ നുഴഞ്ഞുകയറിയ ഒരു അദൃശ്യ ശത്രൂ എന്നുവേണം ഈ വൈറസിനെ വിശേഷിപ്പിക്കാൻ. COVID-19 പോസിറ്റീവ് എന്ന പദത്തിൽ ജനങ്ങൾക്കുള്ള മാനസ്സിക വെല്ലുവിളി കൈകാര്യം ചെയ്യുന്നതിന് ആരോഗ്യപ്രവർത്തകരോടൊപ്പം മാനസികാരോഗ്യ പ്രവർത്തകരുടെയും, സന്നദ്ധ സംഘടനകളുടെയും ശ്രമങ്ങൾ കൂടിയേ തീരൂ.
നമ്മുടെ സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടിവരുന്നതിൽ നിന്നും നമുക്ക് ഈ വ്യാധിയോടുള്ള ജാഗ്രത കുറഞ്ഞുവരുന്നതായി വേണം കരുതാൻ. മാസ്ക്കിലും, PPE കിറ്റിലും വരെ പുതിയ ഫാഷനുകൾ കണ്ടെത്തുന്ന നമ്മുടെ ശ്രദ്ധ അവനവന്റെ സുരക്ഷയിലൂടെ സമൂഹത്തിന്റെ സുരക്ഷ കൂടി ഉറപ്പാക്കുന്നതിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്.