ഒമാനിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായും, ഈദ് പ്രാർത്ഥനകൾക്കായും പൊതുജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്കേർപ്പെടുത്തികൊണ്ട് സുപ്രീം കമ്മിറ്റി മെയ് 18-നു ഉത്തരവ് പുറപ്പെടുവിച്ചു. COVID-19 വ്യാപനം തടയുന്നതിനായാണ് രാജ്യത്ത് ആളുകൾ ഒത്തുചേരുന്ന ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തിയത്.
ഇത് കൂടാതെ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളും, സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കാൻ റോയൽ ഒമാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമാനിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി COVID-19 കേസുകളിൽ കാണുന്ന വർദ്ധനവ് ജനങ്ങൾ അനധികൃതമായി ഒത്തുചേരുന്നത് കൊണ്ടാണെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളാനും, തടവും പിഴയുമുൾപ്പടെയുള്ള ശിക്ഷകൾ ചുമത്താനും അധികൃതരോട് സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ പൊതുഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കിയതായും അധികൃതർ വ്യക്തമാക്കി. പൊതുഇടങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, തൊഴിലിടങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയിൽ മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി സമൂഹ അകലം പാലിക്കാനും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.