അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്ന യു എ ഇ, ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പരീക്ഷണം മരുഭൂമിയിൽ വെച്ച് നടത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 മാർച്ച് 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
എമിറേറ്റ്സ് ലൂണാർ മിഷന്റെ കീഴിൽ റാഷിദ് റോവറിന്റെ പരീക്ഷണങ്ങൾ മരുഭൂമിയിൽ വെച്ച് നടത്തിയതായാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ടാണ് യു എ ഇ റാഷിദ് പേടകത്തെ ചന്ദ്രനിലേക്ക് അയക്കുന്നത്.
ഈ പര്യവേഷണത്തിന്റെ ഭാഗമായി ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കുന്ന ഈ ചെറു പേടകം പൂർണ്ണമായും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലാണ് നിർമ്മിച്ചിട്ടുള്ളത്. ഷെയ്ഖ് റഷീദ് ബിൻ സയീദ് അൽ മക്തൂമിന്റെ സ്മരണയ്ക്കായാണ് ഈ ചന്ദ്രയാത്ര പേടകത്തിന് റഷീദ് എന്ന് പേരിട്ടിരിക്കുന്നത്. 2024-ലാണ് നിലവിൽ ഈ ചാന്ദ്രപര്യവേഷണ പദ്ധതിയുടെ വിക്ഷേപണം പ്രഖ്യാപിച്ചിട്ടുള്ളത്.
യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേഷണത്തിനൊരുങ്ങുന്നതായി ദുബായ് മീഡിയ ഓഫീസ് 2020 നവംബറിൽ അറിയിച്ചിരുന്നു. റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ 2020 ഡിസംബറിൽ യു എ ഇ പുറത്ത് വിട്ടിരുന്നു.
റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന പ്രൈമറി ലാൻഡിംഗ് സൈറ്റ് സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ 2021 സെപ്റ്റംബർ 4-ന് പ്രഖ്യാപനം നടത്തിയിരുന്നു.