ഖത്തർ: മാർച്ച് 12 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ ക്യാബിനറ്റ് തീരുമാനം

GCC News

രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ 2022 മാർച്ച് 12, ശനിയാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫയുടെ നേതൃത്വത്തിൽ 2022 മാർച്ച് 9-ന് വൈകീട്ട് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം 2022 മാർച്ച് 12 മുതൽ ഖത്തറിലെ COVID-19 നിയന്ത്രണങ്ങൾ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്:

  • പൊതുഗതാഗത സംവിധാനങ്ങൾ ഉൾപ്പടെയുള്ള ഗതാഗത സംവിധാനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന പരമാവധി യാത്രികരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കും. പൊതു, സ്വകാര്യ ഇടങ്ങളിൽ (ഇൻഡോർ, ഔട്ഡോർ ഉൾപ്പടെ) ഏർപ്പെടുത്തിയിരുന്ന പരമാവധി ആളുകളുടെ പ്രവേശനം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കും. താഴെ നൽകിയിട്ടുള്ള നിബന്ധനകൾക്ക് വിധേയമായാണ് ഇത് നടപ്പിലാക്കുന്നത്.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് നേടിയവർ എന്നീ വിഭാഗങ്ങളിലുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കാം.
  • രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ, ഇത്തരം ഇടങ്ങളുടെ പരമാവധി ശേഷിയുടെ 20 ശതമാനം എന്ന രീതിയിൽ, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും റാപിഡ് ആന്റിജൻ പരിശോധനാ ഫലം ഉപയോഗിച്ച് കൊണ്ട് പ്രവേശനം നൽകും. ജിം, കായികമത്സര വേദികൾ, വിവാഹ വേദികൾ, കോൺഫറൻസ്, എക്സിബിഷൻ, മറ്റു പരിപാടികൾ എന്നിവ നടക്കുന്ന വേദികൾ, വിനോദകേന്ദ്രങ്ങൾ, സ്വിമ്മിങ്ങ് പൂളുകൾ, വാട്ടർ പാർക്ക്, റസ്റ്ററന്റുകൾ, കഫെ, തിയേറ്റർ, സിനിമാശാലകൾ തുടങ്ങിയ ഇൻഡോർ വേദികൾക്ക് ഈ തീരുമാനം ബാധകം. ഇത്തരം ഇടങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപ് 24 മണിക്കൂറിനിടയിൽ നേടിയ റാപിഡ് ആന്റിജൻ പരിശോധനാ ഫലമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
  • രാജ്യത്ത് നടത്തുന്ന കോൺഫെറൻസുകൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ച് കൊണ്ട് സംഘടിപ്പിക്കേണ്ടതാണ്.
  • സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും മുഴുവൻ ജീവനക്കാർക്കും ഓഫീസുകളിൽ നിന്ന് ജോലി ചെയ്യുന്നതിന് നൽകിയിട്ടുള്ള അനുമതി തുടരും.
  • സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും COVID-19 വാക്സിൻ സ്വീകരിക്കാത്ത മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
  • രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. എന്നാൽ ഔട്ഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്. മാർക്കറ്റുകൾ, എക്സിബിഷനുകൾ തുടങ്ങിയ ഇടങ്ങളിൽ ഔട്ഡോറിൽ നടക്കുന്ന ആളുകൾ ഒത്ത് ചേരുന്ന പരിപാടികളിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കേണ്ടതാണ്. തുറന്ന ഇടങ്ങളിൽ ഉപഭോക്താക്കളുമായി ഇടപഴകുന്ന ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാണ്.
  • വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.
  • COVID-19 വാക്സിൻ സ്വീകരിക്കാത്തവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് വിവാഹ ചടങ്ങുകൾ നടത്തുന്നതിന് നൽകിയിട്ടുള്ള അനുമതികൾ തുടരും.