ഏപ്രിൽ 6 മുതൽ രാജ്യത്തിന് പുറത്തേക്കുള്ള ഏതാനം യാത്ര സർവീസുകൾ നടത്തുന്നതിന് അനുമതി ലഭിച്ച എമിറേറ്റ്സ് ആദ്യ ഘട്ടത്തിലെ വിമാന സർവീസുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. ആദ്യ ഘട്ടത്തിൽ ഏപ്രിൽ 6 മുതൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ട്, ഫ്രാങ്ക്ഫർട്, പാരീസ്, സൂറിച്ച്, ബ്രസ്സൽസ് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക വിമാന സർവീസുകൾ നടത്തുക.
ലണ്ടനിലേക്ക് ആഴ്ച്ചയിൽ 4 സർവീസുകളും, മറ്റു നഗരങ്ങളിലേക്ക് 3 സർവീസുകളുമാണ് നിലവിൽ ഉണ്ടായിരിക്കുക. ഇവയെല്ലാം സാധാരണ സർവീസുകൾ അല്ല എന്നും, രാജ്യത്ത് കുടുങ്ങി കിടക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ തിരികെ അയക്കുന്നതിനുള്ള പ്രത്യേക വിമാന സർവീസുകളാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ഈ സർവീസുകൾ എല്ലാം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2-ൽ നിന്നായിരിക്കും പ്രവർത്തിക്കുക. യാത്രികരെ കൂടാതെ അവശ്യ വസ്തുക്കളുടെ നീക്കവും ഈ സർവീസുകളിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
നിലവിൽ ഈ സർവീസുകൾ നടത്തുന്ന നഗരങ്ങളിലെല്ലാം വിവിധ തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളും, ആരോഗ്യ സുരക്ഷാ നടപടികളും ഉള്ളതിനാൽ ഈ സർവീസുകളിൽ യാത്ര ചെയ്യുന്നവർ മുൻകൂട്ടി തന്നെ തങ്ങളുടെ രാജ്യത്ത് പ്രവേശിക്കാൻ അനുമതി ഉണ്ടോ എന്ന് ഉറപ്പിക്കണമെന്നും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹ്‌മദ് ബിൻ സയീദ് അൽ മക്തൂം കൂട്ടിച്ചേർത്തു.
1 thought on “യു എ ഇ: എമിറേറ്റ്സ് പ്രത്യേക വിമാന സർവീസുകൾ ആദ്യ ഘട്ടത്തിൽ 5 നഗരങ്ങളിലേക്ക്”
Comments are closed.