അന്യായമായി വിലവർദ്ധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി അബുദാബി; 2 മില്യൺ ദിർഹം വരെ പിഴ

GCC News

ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ മുതലായ അവശ്യ വസ്തുക്കൾക്ക് അമിതമായ വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു. ഇത്തരം വ്യാപാര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് DED പുറത്തിറക്കി.

ഈ ഉത്തരവ് പ്രകാരം അന്യായമായ വില വർദ്ധനവുകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് 250,000 AED മുതൽ 2 മില്യൺ ദിർഹം വരെ പിഴ ചുമത്താവുന്നതാണെന്ന് DED അറിയിച്ചു. ഇത് കൂടാതെ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി താത്കാലികമായോ സ്ഥിരമായോ നിർത്തലാക്കുന്നതിനും അധികൃതർക്ക് അധികാരമുള്ളതായും DED ഓർമിപ്പിച്ചു.

പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വിപണിയിലെ മോശം പ്രവണതകൾ ഒഴിവാക്കാനാണ് ഈ തീരുമാനം. ഇതിലൂടെ പൂഴ്ത്തിവെപ്പ്, കുത്തക വ്യാപാരം എന്നിവ തടയാനും DED ലക്ഷ്യമിടുന്നു.