ഖത്തർ: 2022 നവംബർ 15 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനം

featured GCC News

2022 നവംബർ 15 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. 2022 ജൂൺ 23-നാണ് ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022 ജൂൺ 23-ന് മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മുനിസിപ്പാലിറ്റി മിനിസ്ട്രി ലീഗൽ വിഭാഗം ഡയറക്ടർ അഹ്‌മദ്‌ യൗസേഫ് അൽ എമാദി, വേസ്റ്റ് റീസൈക്ലിങ്ങ് ആൻഡ് ട്രീറ്റ്മെന്റ് വകുപ്പ് ഡയറക്ടർ എൻജിനീയർ ഹമദ് ജാസ്സിം അൽ ബഹർ, അൽ വക്ര മുനിസിപ്പാലിറ്റി ഡയറക്ടർ എൻജിനീയർ മുഹമ്മദ് ഹസ്സൻ അൽ നുഐമി, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നാല്പത് മൈക്രോണിൽ താഴെ കനമുള്ളതും, ഒറ്റത്തവണ ഉപയോഗിച്ചശേഷം കളയുന്നതുമായ പ്ലാസ്റ്റിക് ബാഗുകൾക്കാണ് ഈ നിരോധനം. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത് ശുപാർശ ചെയ്തു കൊണ്ടുള്ള ഒരു കരട് പ്രമേയത്തിന് 2022 മെയ് 25-ന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു.

പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിനും, മലിനീകരണം നിയന്ത്രിക്കുന്നതിനുമായാണ് ഖത്തർ ഇത്തരം ഒരു പ്ലാസ്റ്റിക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഒരുങ്ങുന്നത്.

ഈ ക്യാബിനറ്റ് തീരുമാനത്തിന്റ പശ്ചാത്തലത്തിലാണ് ഖത്തറിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, നവംബർ 15 മുതൽ, ഖത്തറിലെ വാണിജ്യ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനോ, വിതരണം ചെയ്യുന്നതിനോ, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നതിനോ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, ബയോ-ഡീഗ്രേഡബിൾ ബാഗുകൾ, തുണി, കടലാസ് എന്നിവയാൽ നിർമ്മിച്ച ബാഗുകൾ എന്നിവ ഉപയോഗിക്കേണ്ടതാണ്. ഇത്തരത്തിൽ ബദലായി ഉപയോഗിക്കുന്ന ബാഗുകൾ രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്ന രീതിയിൽ തയ്യാറാക്കിയവ ആയിരിക്കണം. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകളിൽ അവയുടെ തരമനുസരിച്ച് ‘ഡീഗ്രേഡബിൾ/ റീ-യൂസബിൾ/ റീ-സൈക്ലബിൾ’ എന്നിവ സൂചിപ്പിക്കുന്നതിനുള്ള പ്രത്യേക മുദ്ര പതിപ്പിച്ചിരിക്കണം.