ബഹ്‌റൈൻ: സ്വകാര്യ മേഖലയിൽ വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കി

featured GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ആദ്യ ഘട്ടം 2021 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു. മെയ് 1 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് സ്വകര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ പദ്ധതിയുടെ ആദ്യ ഘട്ടം മെയ് 1 മുതൽ നടപ്പിലാക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MLSD) മാർച്ച് 28-ന് അറിയിച്ചിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് MLSD മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ഈ പദ്ധതി സംബന്ധിച്ച് 2021 മാർച്ച് മാസത്തിൽ ‘2021/ 22’ എന്ന ഔദ്യോഗിക ഉത്തരവിറക്കിയത്.

മെയ് 1 മുതൽ ബഹ്‌റൈനിലെ 500-ൽ പരം തൊഴിലാളികളുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ഈ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കി തുടങ്ങിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വ്യക്തമാക്കി. സ്ഥാപനങ്ങൾക്ക് ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും തയ്യാറാക്കി നൽകിയതായി LMRA എക്സിക്യൂട്ടീവ് ചെയർമാൻ ജമാൽ അബ്ദുൽ അസീസ് അറിയിച്ചു.

ഈ പദ്ധതിയുടെ കീഴിൽ, ഓരോ തൊഴിലുടമകളും തങ്ങളുടെ ജീവനക്കാർക്കായി രാജ്യത്തെ ബാങ്കുകളിലോ, സെൻട്രൽ ബാങ്കിന്റെ അംഗീകാരമുള്ള പണമിടപാട് സ്ഥാപനങ്ങളിലോ ഒരു അക്കൗണ്ട് ആരംഭിക്കേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പൗരന്മാരും, പ്രവാസികളുമായിട്ടുള്ള മുഴുവൻ ജീവനക്കാർക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി തൊഴിലുടമകൾ LMRA കേന്ദ്രത്തിൽ നേരിട്ട് സന്ദർശിക്കേണ്ടതില്ല. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വരുന്ന സ്ഥാപനങ്ങളിൽ 90 ശതമാനത്തിലധികം പേർ തൊഴിലാളികളുടെ വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഭാഗികമായി പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.

50 മുതൽ 449 വരെ തൊഴിലാളികളുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 2021 സെപ്റ്റംബർ 1 മുതൽ ഈ പദ്ധതി നിലവിൽ വരുന്നതാണ്. ഒന്ന് മുതൽ അമ്പത് വരെ തൊഴിലാളികളുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ഘട്ടം നടപ്പിലാക്കുന്ന അവസരത്തിലും അതാത് വിഭാഗങ്ങളിൽ പെടുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് നടപ്പിലാക്കുന്നതിന് ആറ് മാസത്തെ അധിക സമയം അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന് ഈ തീരുമാനം സഹായകമാണ്. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളം കൃത്യമായി എത്തുന്നത് ഉറപ്പാക്കുന്നതിലൂടെ രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനും, തൊഴിൽ ചൂഷണങ്ങൾ ഒഴിവാക്കുന്നതിനും, ശമ്പളവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനും, അനധികൃത തൊഴിലാളികളുടെ ഉപയോഗം ഒഴിവാക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു. തൊഴിൽ ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിലൂടെ മനുഷ്യക്കടത്തുൾപ്പടെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് ഈ പദ്ധതി സഹായകമാകുന്നതാണ്. ഗാർഹിക ജീവനക്കാർക്ക് വേതനം നൽകുന്നതിനും ആവശ്യമെങ്കിൽ തൊഴിലുടമകൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.