ഒമാൻ: 2021 ജൂലൈ മുതൽ ഷോപ്പിംഗ് കേന്ദ്രങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

featured GCC News

2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം പ്രാവർത്തികമാക്കാൻ സ്ഥാപന ഉടമകളോട് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. മെയ് 2-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയിലെ ഏതാനം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ‘2021/8’ എന്ന മന്ത്രിസഭാ ഉത്തരവ് ജൂലൈ 20 മുതൽ നടപ്പിലാക്കുന്നതിനാണ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്. ഈ തീരുമാന പ്രകാരം ഒമാനിലെ ഷോപ്പിംഗ് മാളുകളിലും, സൂപ്പർമാർക്കറ്റുകളിലും ജൂലൈ 20 മുതൽ താഴെ പറയുന്ന തൊഴിലുകൾ ഒമാൻ പൗരന്മാർക്കായി പരിമിതപ്പെടുത്തുന്നതാണ്.

  • കസ്റ്റമർ കെയർ.
  • കാഷ്യർ.
  • കറൻസി എക്സ്ചേഞ്ച്.
  • അഡ്മിനിസ്ട്രേഷൻ പദവികൾ.
  • ഷെൽഫ് സ്റ്റാക്കർ (സാധനങ്ങൾ വ്യാപാരസ്ഥാപനങ്ങളിലെ ഷെൽഫുകളിൽ നിരത്തുന്ന തൊഴിൽ).

ഈ തീരുമാനം കർശനമായി നടപ്പിലാക്കാൻ മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരാമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഇത്തരം തൊഴിലുകൾ ചെയ്യുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റ് നിലവിലെ കാലാവധി അവസാനിച്ച ശേഷം പുതുക്കി നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.