സൗദി: വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ച സൗദി പൗരന്മാർക്ക് മെയ് 17 മുതൽ വിദേശയാത്രകൾക്ക് അനുമതി

Saudi Arabia

രാജ്യത്തെ വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള സൗദി പൗരന്മാർക്കും, രോഗമുക്തരായവർക്കും 2021 മെയ് 17 മുതൽ സൗദിയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മെയ് 17 1:00 a.m. മുതലാണ് ഈ അനുമതി നൽകുന്നത്.

മെയ് 2-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, ആദ്യ ഡോസ് കുത്തിവെപ്പെടുത്ത ശേഷം ചുരുങ്ങിയത് 14 ദിവസം പൂർത്തിയാക്കിയവർ എന്നീ വിഭാഗങ്ങളിലെ സൗദി പൗരന്മാർക്കാണ് ഈ അനുമതി നൽകിയിട്ടുള്ളത്. രോഗമുക്തരായവർക്ക് ‘Tawakkalna’ ആപ്പിലെ സ്റ്റാറ്റസ് പ്രകാരം രോഗമുക്തി നേടിയ ശേഷം 6 മാസത്തിനുള്ളിലെ കാലയളവിലാണ് ഇപ്രകാരം യാത്രാനുമതി നൽകുന്നത്.

‘Tawakkalna’ ആപ്പിൽ ‘COVID-19 രോഗപ്രതിരോധ ശേഷി നേടിയവർ’, ‘COVID-19 രോഗബാധയില്ലാത്തവർ’ എന്നീ രണ്ട് ഹെൽത്ത് സ്റ്റാറ്റസുകളിൽ ഏതെങ്കിലും ഒന്ന് ഉള്ളവർക്ക് മാത്രമേ സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്ന് ബോർഡിങ്ങ് പാസ് നൽകാവൂ എന്ന് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ഏതാനം ദിവസങ്ങൾക്ക് മുൻപ് വിമാനകമ്പനികളോട് നിർദ്ദേശിച്ചിരുന്നു.