2021 ജൂൺ 23, ബുധനാഴ്ച്ച മുതൽ ഇന്ത്യ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഇന്ത്യ ഉൾപ്പടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക്, ജൂൺ 23 മുതൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കാനുള്ള ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ തീരുമാനത്തെത്തുടർന്നാണ് എമിറേറ്റ്സ് ഈ അറിയിപ്പ് നൽകിയത്.
ജൂൺ 19-ന് രാത്രിയാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. “ഇന്ത്യ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ വിമാനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ യാത്രാ നിബന്ധനകളും, മാനദണ്ഡങ്ങളും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.”, എമിറേറ്റ്സ് ട്വിറ്ററിൽ വ്യക്തമാക്കി.
“ഈ രാജ്യങ്ങളിൽ നിന്ന് വിവിധ വിഭാഗങ്ങൾക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് ഞങ്ങൾ തയ്യാറാണ്. കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ പ്രകാരം, ജൂൺ 23 മുതൽ ഈ രാജ്യങ്ങളിൽ നിന്ന് ഞങ്ങൾ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതാണ്.”, എമിറേറ്റ്സ് കൂട്ടിച്ചേർത്തു.
ജൂൺ 23 മുതൽ ഇന്ത്യ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഏതാനം യാത്രാ നിബന്ധനകൾക്ക് വിധേയമായി ദുബായിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ജൂൺ 19-ന് വൈകീട്ട് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചിരുന്നു. സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്കാണ് ഈ പ്രവേശനാനുമതി.