സ്വകാര്യ മേഖലയിലെ എമിറാത്തി ജീവനക്കാരെ നിർബന്ധമായും പെൻഷൻ, സാമൂഹികസുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് MoHRE

featured GCC News

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി ജീവനക്കാരെ നിർബന്ധമായും പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. ഇതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും സ്വകാര്യ സ്ഥാപനങ്ങൾക്കാണെന്നും MoHRE വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നാഫിസ് പദ്ധതിയുടെ കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിലൊന്നാണ് ഇതെന്നും MoHRE കൂട്ടിച്ചേർത്തു. 2023 ഫെബ്രുവരി 16-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി ജീവനക്കാരെ, അവർക്ക് വർക്ക് പെർമിറ്റുകൾ അനുവദിച്ച തീയതി മുതൽ ഒരു മാസത്തിനകം, നിർബന്ധമായും പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടത് സ്വകാര്യ സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്.”, MoHRE വ്യക്തമാക്കി.

ഇതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് ഉചിതമായ നിയമങ്ങൾ പ്രകാരം പിഴ ചുമത്തുമെന്നും MoHRE വ്യക്തമാക്കിയിട്ടുണ്ട്.

WAM.