COVID-19 ചികിത്സകളുടെയും, വാർത്തകളുടെയും രൂപത്തിലുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെക്കുറിച്ച് അജ്മാൻ പോലീസ് ജാഗ്രതാ നിർദേശം നൽകി

Family & Lifestyle GCC News

കൊറോണാ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്ന രൂപത്തിൽ, വിവിധ ഇന്റർനെറ്റ് തട്ടിപ്പുകൾ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള, ഓൺലൈൻ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് അജ്‌മാൻ പോലീസ് നിർദ്ദേശിച്ചു. സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനും, വ്യക്തികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉൾപ്പടെയുള്ള ഇന്റർനെറ്റ് വ്യക്തിത്വം ചോർത്തുന്നതും ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള തട്ടിപ്പുകൾ കൂടിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം സന്ദേശങ്ങളിൽ അടങ്ങിയിട്ടുള്ള ഔദ്യോഗികം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ലിങ്കുകൾ, ക്ലിക്ക് ചെയ്യുന്ന പക്ഷം വിവിധ തരത്തിലുള്ള വൈറസുകളും, വിവരങ്ങൾ ചോർത്തുന്ന തരത്തിലുള്ള പ്രോഗ്രാമുകളും കമ്പ്യൂട്ടറിനെ ബാധിക്കുന്ന വിധത്തിലാണ് ഈ തട്ടിപ്പുകൾ വിഭാവനം ചെയ്തിട്ടുള്ളത്. അതിനാൽ ജനങ്ങൾ, തങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങളിലും, സമൂഹ മാധ്യമങ്ങളിലും കാണുന്ന ലിങ്കുകൾ തുറക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീർത്തും പരിചിതമല്ലാത്ത സ്രോതസ്സുകളിൽ നിന്നുള്ള ഇത്തരം ലിങ്കുകൾ തുറക്കാതിരിക്കുന്നതാണ് സുരക്ഷയെ മുൻനിർത്തി നിർദ്ദേശിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

നിലവിലെ കൊറോണ വൈറസ് സാഹചര്യം മുതലെടുത്ത്, അത്തരം രോഗം സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധിക്കുന്നവരെ ലക്ഷ്യമിട്ട്, COVID-19 ചികിത്സകളുടെയും, വാർത്തകളുടെയും രൂപത്തിൽ ഈ തട്ടിപ്പുകൾ പ്രചരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ COVID-19-നുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്ന മട്ടിൽ ലഭിച്ച സന്ദേശങ്ങൾ മൂലം അജ്മാനിൽ ഏതാനം പേർ തട്ടിപ്പിനിരയായതായും അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ചോർത്തിയ ശേഷം അവ ഉപയോഗിച്ച് തട്ടിപ്പിനിരയായവരുടെ കംപ്യൂട്ടറുകളിലേക്കും, സ്മാർട്ട് ഫോണുകളിലേക്കും അക്രമികൾ നുഴഞ്ഞുകയറിയതായും പോലീസ് അറിയിച്ചു. ബാങ്കിങ്ങ് വിവരങ്ങൾ തട്ടിയെടുക്കുക, പണം അപഹരിക്കുക, അപകീർത്തിപ്പെടുത്തുക, ഭീഷണിപ്പെടുത്തുക മുതലായ നിരവധി ലക്ഷ്യങ്ങളോടെയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാർ പ്രവർത്തിക്കുന്നതെന്നും, അതിനാൽ പൊതു ജനങ്ങൾ ഇത്തരം സന്ദേശങ്ങളെ ജാഗ്രതയോടെ കാണാനും, കുടുംബാംഗങ്ങളിൽ ഇതിനെകുറിച്ച് അവബോധം സൃഷ്ടിക്കാനും അജ്‌മാൻ പോലീസ് ആഹ്വാനം ചെയ്തു.