പുതുവർഷം: ടാക്സി സേവനങ്ങളുടെ അടിസ്ഥാന നിരക്ക് ഉയർത്തുമെന്ന് ദുബായ് RTA

GCC News

യാത്രികരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന പുതുവർഷം പോലുള്ള ആഘോഷവേളകളിൽ ടാക്സി സേവനങ്ങളുടെ അടിസ്ഥാന നിരക്ക് ഉയർത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഡിസംബർ 29-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പ്രത്യേക സമയങ്ങളിലും, ഏതാനം ഇടങ്ങളിലും ടാക്സി, ഹല ടാക്സി സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാന നിരക്ക് ഉയർത്താൻ തീരുമാനിച്ചതായാണ് RTA അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എമിറേറ്റിൽ പ്രധാനപ്പെട്ട എക്സിബിഷനുകൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ എന്നിവ നടക്കുന്ന വേദികളുടെ പരിസരപ്രദേശങ്ങളിൽ (വേൾഡ് ട്രേഡ് സെന്റർ, എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ് തുടങ്ങിയ ഇടങ്ങൾ), പ്രധാനപ്പെട്ട ചടങ്ങുകൾ നടക്കുന്ന ദിനങ്ങളിൽ, ടാക്സി അടിസ്ഥാന നിരക്ക് (ഫ്ലാഗ് ഫാൾ റേറ്റ്) 20 ദിർഹമാക്കി നിശ്ചയിച്ചിട്ടുണ്ട്.

ഇതിന് പുറമെ, പുതുവർഷ വേളയിൽ (2023 ഡിസംബർ 31-ന് വൈകീട്ട് 6 മുതൽ 2024 ജനുവരി 1-ന് രാവിലെ 6 വരെയുള്ള സമയങ്ങളിൽ) കരിമരുന്ന് പ്രദർശനം നടക്കുന്ന വേദികൾക്കരികിലുള്ള പ്രദേശങ്ങളിൽ ഹല ടാക്സി സേവനനിരക്ക് ഇരട്ടിയായിരിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്. ഈ ഇടങ്ങളിൽ ഈ കാലയളവിൽ സാധാരണ ടാക്സി സേവനങ്ങളുടെ ഫ്ലാഗ് ഫാൾ റേറ്റ് 20 ദിർഹമായിരിക്കും.