ഒമാൻ: ഫെബ്രുവരി 28 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 25, ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 22-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 ഫെബ്രുവരി 25, ഞായറാഴ്ച മുതൽ 2024 ഫെബ്രുവരി 28, ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് ഒറ്റപ്പെട്ട മഴ പെയ്യുന്നതിന് കരണമാകാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മുസന്ദം ഗവർണറേറ്റ്, ഹജാർ മലനിരകൾ വരെ നീണ്ട് കിടക്കുന്ന ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മുസന്ദം ഗവർണറേറ്റിന്റെ തീരമേഖലകൾ, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ട്.

ഈ മേഖലകളിൽ 1.5 മുതൽ 2.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. ഇത് വാദികളിൽ വെള്ളം ഉയരാനിടയാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരുഭൂപ്രദേശങ്ങളിലും, തുറസായ ഇടങ്ങളിലും കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് കരണമാകാമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.