കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നൂതന സംവിധാനവുമായി ദുബായ് പോലീസ്

GCC News

ദുബായിലെ റോഡുകളിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സ്മാർട്ട് സംവിധാനമൊരുക്കിയതായി ദുബായ് പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഈ നൂതന സംവിധാനത്തിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനുള്ള പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് മുൻഗണന നൽകാത്ത വാഹനങ്ങളെ കണ്ടുപിടിക്കാൻ കഴിയും.

ഈ നൂതന ഉപകരണം ഗതാഗത നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പദയാത്രികർക്ക് മുൻഗണനയുള്ള ഇടങ്ങളിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനും അതിലൂടെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏറെ സഹായകരമാകുമെന്ന് ദുബായ് പൊലീസിലെ ഡയറക്ടർ ഓഫ് ദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റൂഇ അറിയിച്ചു. ഈ സംവിധാനം ജനങ്ങളുടെ ഇടയിൽ റോഡ് സുരക്ഷാ അവബോധം വളർത്താനും അതിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങളിലെ അപകട നിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന ഈ ഉപകാരണം നിലവിലുള്ള ഗതാഗത സംവിധാനങ്ങളുമായി അതിവേഗ ഇന്റർനെറ്റ് വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിലെ സെൻസറുകൾ വഴി ഈ ഉപകരണത്തിന് റോഡ് മുറിച്ച് കടക്കുന്ന ഇരുവശത്തേയും യാത്രക്കാരെ കണ്ടുപിടിക്കാനാകും. ഡ്രൈവർമാർക്ക് ഈ ഉപകരണത്തിലെ ചുവന്ന വെളിച്ചം വഴി വാഹനം നിർത്തി കാൽനടക്കാർക്ക് മുൻഗണന നൽകാൻ ജാഗ്രതാനിർദേശം നൽകാനും ഈ ഉപകാരണത്തിലൂടെ സാധ്യമാണ്. കാൽനടക്കാർക്ക് പരിഗണന നൽകാതെ പോകുന്ന വാഹനങ്ങളുടെ നിയമലംഘനങ്ങൾ ഈ സ്മാർട്ട് സംവിധാനത്തിലൂടെ കണ്ടെത്തി നിയമലംഘകരെ ശിക്ഷിക്കാനും അതിലൂടെ അപകടങ്ങൾ പരമാവധി കുറച്ച് കൊണ്ടുവരാനും സാധിക്കും.