യു എ ഇയുടെ ചരിത്രം വിവരിക്കുന്ന വിജ്ഞാനകോശവുമായി ബന്ധപ്പെട്ട പദ്ധതിയ്ക്ക് തുടക്കമായി

featured GCC News

എമിറാത്തി നാഗരികതയുടെ ചരിത്രം, പൈതൃകം എന്നിവ സമഗ്രമായി വിവരിക്കുന്ന ‘എൻസൈക്ലോപീഡിയ ഓഫ് യു എ ഇ ഹിസ്റ്ററി’ എന്ന വിജ്ഞാനകോശവുമായി ബന്ധപ്പെട്ട പദ്ധതിയ്ക്ക് തുടക്കമായി. നാഷണൽ ലൈബ്രറി ആൻഡ് ആർകൈവ്സാണ് ഈ വിജ്ഞാനകോശം തയ്യാറാക്കുന്നത്.

എമിറാത്തി ചരിത്രം, സംസ്‌കാരം എന്നിവ സമഗ്രമായി വിവരിക്കുന്ന ഒരു വഴികാട്ടി, വരുന്ന തലമുറയ്ക്കായി യു എ ഇയുടെ ചരിത്രം അടയാളപ്പെടുത്തുന്ന ഒരു ഗ്രന്ഥം എന്നീ രീതികളിലാണ് ഈ വിജ്ഞാനകോശം തയ്യാറാക്കുന്നത്. യു എ ഇയിൽ പുറത്തിറക്കുന്ന ഇത്തരത്തിലുള്ള ആദ്യ എൻസൈക്ലോപീഡിയയാണിത്.

യു എ ഇയുടെ സാംസ്‌കാരിക മുദ്രകൾ, ചരിത്ര അടയാളങ്ങൾ എന്നിവ ശേഖരിക്കുന്നതിനും, ഭാവിയിലേക്ക് അത് സംരക്ഷിച്ച് വെക്കുന്നതിനുമായി നാഷണൽ ലൈബ്രറി ആൻഡ് ആർകൈവ്സ് തയ്യാറാക്കിയിട്ടുള്ള ചട്ടക്കൂടുകൾക്ക് അനുസൃതമായാണ് ഈ വിജ്ഞാനകോശം ഒരുക്കുന്നത്. ‘എൻസൈക്ലോപീഡിയ ഓഫ് യു എ ഇ ഹിസ്റ്ററി’ പദ്ധതിയ്ക്ക് തുടക്കമിടുന്ന ചടങ്ങിൽ യു എ ഇയിലെ പ്രധാനപ്പെട്ട സാംസ്കാരിക, അക്കാദമിക പ്രമുഖർ പങ്കെടുത്തു.

യു എ ഇയുടെ ചരിത്രം, അതിന്റെ പൈതൃകം, യു എ ഇ നാഗരികതയുടെ നേട്ടങ്ങൾ, സാംസ്‌കാരിക സംഭാവനകൾ തുടങ്ങിയ നിരവധി വിഷയങ്ങളെ സമഗ്രമായി വിവരിക്കുന്നതായിരിക്കും ഈ വിജ്ഞാനകോശം എന്ന് നാഷണൽ ലൈബ്രറി ആൻഡ് ആർകൈവ്സ് ഡയറക്ടർ ജനറൽ H.E. അബ്ദുല്ല മജീദ് അൽ അലി വ്യക്തമാക്കി. ഈ വിജ്ഞാനകോശം അതിന്റെ ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ രൂപത്തിലായിരിക്കും പുറത്തിറക്കുന്നത്.

അടുത്ത അഞ്ച് വർഷത്തിനിടയിൽ പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് ‘എൻസൈക്ലോപീഡിയ ഓഫ് യു എ ഇ ഹിസ്റ്ററി’ പദ്ധതി ആരംഭിച്ചിരിക്കുന്നത്.