ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ (exceptional entry permit) പ്രിന്റ് ചെയ്തെടുക്കാനുള്ള സംവിധാനം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ചു. ഇത്തരം പ്രവാസികൾക്ക്, ഖത്തറിൽ നിന്ന് യാത്ര ആരംഭിക്കുന്ന അവസരത്തിൽ തന്നെ തിരികെ മടങ്ങിയെത്തുന്നതിനുള്ള അനുവാദം നൽകുന്ന പ്രത്യേക എൻട്രി പെർമിറ്റുകൾ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.
യാത്രാ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനായി, ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് exceptional entry permit സ്വയമേവ അനുവദിക്കുന്നതിനുള്ള സംവിധാനം നവംബർ 29 മുതൽ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി വരികയാണ്. ഈ തീരുമാന പ്രകാരം നവംബർ 29 മുതൽ തന്നെ exceptional entry permit പ്രിന്റ് ചെയ്തെടുക്കാനുള്ള സംവിധാനം വെബ്‌സൈറ്റിൽ പ്രവർത്തനമാരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
നവംബർ 29 മുതൽ ഖത്തറിൽ നിന്ന് യാത്ര ചെയ്ത ശേഷം തിരികെ മടങ്ങുന്ന പ്രവാസികൾക്ക് ‘exceptional entry permit‘ ലഭിക്കുന്നതിനായി ഖത്തർ പോർട്ടൽ വെബ്‌സൈറ്റിൽ പ്രത്യേക അപേക്ഷകൾ നൽകേണ്ട ആവശ്യമില്ല. എന്നാൽ നിലവിൽ ഖത്തറിന് പുറത്തുള്ള പ്രവാസികൾക്കും, 2020 നവംബർ 29-ന് മുൻപ് ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്തിട്ടുള്ള പ്രവാസികൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതല്ല എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർക്ക് രാജ്യത്തേക്ക് മടങ്ങിയെത്തുന്നതിനായി ഖത്തർ പോർട്ടലിലൂടെ ലഭിക്കുന്ന പ്രത്യേക എൻട്രി പെർമിറ്റുകൾ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ ഇളവ് നവംബർ 29-ന് ശേഷം ഖത്തറിൽ നിന്ന് വിദേശത്തേക്ക് പ്രവാസികൾ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാത്രമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.