ബഹ്‌റൈൻ: വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നേടുന്നതിനുള്ള നടപടികൾ

GCC News

വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നേടുന്നതിനുള്ള നടപടികൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. വിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ‘Be Aware’ ആപ്പിലൂടെ വാക്സിൻ സർട്ടിഫിക്കറ്റിനുള്ള അംഗീകാരം നേടുന്നതിനുള്ള നടപടിക്രമങ്ങളാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

ജൂലൈ 16-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നൽകുന്നത്:

  • ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളതോ, ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതോ ആയ വാക്സിനായിരിക്കണം.
  • വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചതിന്റെ തെളിവായി ഹാജരാക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ അതാത് രാജ്യത്തെ അധികൃതരുടെ ഔദ്യോഗിക മുദ്ര നിർബന്ധമാണ്.
  • ഇത്തരത്തിൽ അപേക്ഷിക്കുന്ന വ്യക്തിയുടെ ബഹ്‌റൈനിലെ ഐഡി വിദേശത്ത് നിന്ന് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ വിവരങ്ങളുമായി സമാനമായിരിക്കണം.
  • വിദേശത്ത് നിന്ന് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിൽ അല്ലെങ്കിൽ, ഇതോടൊപ്പം ഔദ്യോഗിക തർജ്ജമ കൂടി ഹാജരാക്കേണ്ടതാണ്.
  • വിദേശത്ത് നിന്ന് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സാധുത തെളിയിക്കുന്നതിനുള്ള QR കോഡ് നിർബന്ധമാണ്.
  • അപേക്ഷകർ തങ്ങളുടെ പാസ്‌പോർട്ടിന്റെ കോപ്പി കൂടി അപ്‌ലോഡ് ചെയ്യേണ്ടതാണ്.

വിദേശത്ത് നിന്ന് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്:

  • അപേക്ഷകന്റെ മുഴുവൻ പേര് (ഔദ്യോഗിക രേഖകളിലേതുമായി സമാനമായിരിക്കണം).
  • വാക്‌സിൻ സംബന്ധമായ വിവരങ്ങൾ.
  • വാക്സിൻ ഉത്പാദകരുടെ വിവരങ്ങൾ.
  • വാക്സിൻ ലോട്ട് നമ്പർ.
  • ആദ്യ ഡോസ് സ്വീകരിച്ച തീയതി.
  • രണ്ടാം ഡോസ് സ്വീകരിച്ച തീയതി (രണ്ടാം ഡോസ് സ്വീകരിച്ചിട്ടുള്ളവർക്ക് ബാധകം).
  • വാക്സിനെടുത്ത കേന്ദ്രത്തിന്റെ വിവരങ്ങൾ (നിർബന്ധമല്ല).

വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് ‘Be Aware’ ആപ്പിലൂടെ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നേടുന്നതിനുള്ള നടപടികൾ:

  • ‘Be Aware’ ആപ്പിൽ ‘eServices’ എന്ന ബട്ടൺ അമർത്തുക.
  • ഇതിൽ നിന്ന് ‘Reporting Issues about Vaccination Status’ എന്ന സേവനം തിരഞ്ഞെടുക്കുക.
  • തുടർന്ന് വരുന്ന സ്‌ക്രീനിൽ നിന്ന് ‘You took your vaccine in another country and you need to update your details’ എന്ന സേവനം തിരഞ്ഞെടുക്കുക.
  • തുടർന്ന് വരുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകി കൊണ്ട് ഈ സേവനം ആവശ്യപ്പെടാവുന്നതാണ്.