ബഹ്‌റൈൻ: COVID-19 രോഗബാധിതർ, സമ്പർക്കത്തിനിടയായവർ എന്നിവർ പാലിക്കേണ്ടതായ പുതുക്കിയ മാനദണ്ഡങ്ങൾ

featured GCC News

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ജനുവരി 16-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ബഹ്‌റൈനിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്:

  • ഇത്തരക്കാർ ശുചിമുറിയുള്ള ഒരു മുറിയിൽ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്.
  • COVID-19 രോഗബാധ സ്ഥിരീകരിച്ചവരിൽ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഒരു പ്രത്യേക ആരോഗ്യ പരിശോധന നടത്തുന്നതാണ്. ഇതിന്റെ സമയം സംബന്ധിച്ച് ആരോഗ്യ അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതാണ്.
  • ഇത്തരം വ്യക്തികൾ തങ്ങൾ സമ്പർക്കത്തിനിടയായിട്ടുള്ള വ്യക്തികളുടെ പട്ടിക തയ്യാറാക്കേണ്ടതാണ്.
  • സമ്പർക്കത്തിനിടയായ വ്യക്തികളുടെ കൃത്യമായ വിവരങ്ങൾ, ഫോൺ നമ്പർ, ഇവരുമായി അവസാനം ബന്ധപ്പെട്ട തീയതി എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്.
  • ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് ഉള്ള COVID-19 രോഗബാധ സ്ഥിരീകരിച്ചവർ 7 ദിവസം ഐസൊലേഷനിൽ തുടരേണ്ടതാണ്.
  • ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് ഇല്ലാത്ത COVID-19 രോഗബാധ സ്ഥിരീകരിച്ചവർ 10 ദിവസം ഐസൊലേഷനിൽ തുടരേണ്ടതാണ്.

താഴെ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന COVID-19 രോഗബാധ സ്ഥിരീകരിച്ചവർ വീടുകളിൽ ഐസൊലേഷനിൽ തുടരേണ്ടതാണ്:

  • 37.5 മുതൽ 38.4 ഡിഗ്രി വരെ പനി.
  • മണം, രുചി എന്നിവ തിരിച്ചറിയാത്ത അവസ്ഥ.
  • മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മൽ.
  • തൊണ്ട വേദന.
  • മേൽവേദന, പേശിവേദന.
  • ചെറിയ രീതിയിലുള്ള തലവേദന.

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ വീടുകളിൽ ഐസൊലേഷനിൽ തുടരേണ്ടതും, ആരോഗ്യ സ്ഥിതി നിരീക്ഷിക്കേണ്ടതുമാണ്.

താഴെ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന COVID-19 രോഗബാധ സ്ഥിരീകരിച്ചവർ ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിലെ COVID-19 ക്ലിനിക്കിൽ ഹാജരാകേണ്ടതാണ്:

  • തുടച്ചയായി രണ്ട് ദിവസം 38.5 ഡിഗ്രി പനി.
  • ശക്തമായ ചുമ.
  • രണ്ട് ദിവസമായി തുടരുന്ന ഛർദി.
  • രണ്ട് ദിവസമായി തുടരുന്ന വയറിളക്കം.
  • തലചുറ്റൽ.
  • രണ്ട് ദിവസമായി തുടരുന്ന വയർ വേദന.
  • COVID-19-നു പുറമെ ചികിത്സ ആവശ്യമാകുന്ന മറ്റു രോഗങ്ങൾ ഉള്ളവർ.

ഇവർ തുടർ ചികിത്സകൾക്കായി ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിലെ COVID-19 ക്ലിനിക്കിൽ ഹാജരാകേണ്ടതാണ്.

താഴെ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന COVID-19 രോഗബാധ സ്ഥിരീകരിച്ചവർ ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്:

  • കഠിനമായ ശ്വാസംമുട്ടൽ.
  • ശക്തമായ നെഞ്ച് വേദന.
  • 48 മണിക്കൂറിലധിമായി തുടരുന്ന 39 ഡിഗ്രിയിൽ കൂടുതൽ ഉള്ള പനി.
  • ഓക്സിജെൻ ലെവൽ 93 ശതമാനത്തിന് താഴെ രേഖപ്പെടുത്തുന്ന അവസ്ഥ.
  • ബോധക്ഷയം.
  • രക്തം വരുന്ന രീതിയിലുള്ള ചുമ.
  • തുടർച്ചയായുള്ള ഛര്‍ദ്ദി, ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥ.
  • മൂത്രതടസ്സം.

ഇത്തരം ലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.