രാജ്യത്തെ സംരക്ഷിത വനമേഖലകൾ, പരിസ്ഥിതി സംരക്ഷണ മേഖലകൾ എന്നിവിടങ്ങളിൽ മുൻകൂർ അനുവാദമില്ലാതെ കയറുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഒമാൻ എൻവിറോണ്മെന്റ് ഏജൻസി (EA) മുന്നറിയിപ്പ് നൽകി. 2022 മെയ് 15-നാണ് EA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ പ്രകൃതി സംരക്ഷിത പ്രദേശങ്ങളിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതികളില്ലാതെ ഏതാനം വ്യക്തികൾ കടന്ന് കയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി EA ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വ്യക്തികൾ രാജ്യത്തെ വന്യജീവി നിയമങ്ങൾ ലംഘിക്കുന്നതായും, പരിസ്ഥിതി സംരക്ഷണ മേഖലകളുടെ പരിശുദ്ധിയ്ക്ക് കളങ്കം വരുത്തുന്നതായും EA ചൂണ്ടിക്കാട്ടി.
സംരക്ഷിത വനമേഖലകൾ, പരിസ്ഥിതി സംരക്ഷണ മേഖലകൾ എന്നിവയുടെ ലക്ഷ്യത്തെത്തന്നെ ഇത്തരം പ്രവർത്തനങ്ങൾ ഹനിക്കുന്നതായി EA വ്യക്തമാക്കി. ഇത്തരം നിയമങ്ങൾ ഫോട്ടോഗ്രഫി, സാഹസികപ്രവർത്തികൾ, തേനീച്ച വളർത്തൽ മുതലായ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും ബാധകമാണെന്ന് EA കൂട്ടിച്ചേർത്തു.
ഒമാനിലെ പ്രകൃതി സംരക്ഷിത പ്രദേശങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നിയമങ്ങൾ പാലിക്കണമെന്ന് EA വ്യക്തമാക്കിയിട്ടുണ്ട്:
- ഒമാനിലെ പ്രകൃതി സംരക്ഷിത പ്രദേശങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ഇതിനുള്ള മുൻകൂർ പെർമിറ്റ് നിർബന്ധമായും നേടേണ്ടതാണ്. ഈ പെർമിറ്റ് കൂടാതെ ഇത്തരം മേഖലയിലേക്ക് പ്രവേശിക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലും ഈ നിയമം ബാധകമാണ്.
- മുൻകൂർ അനുമതി കൂടാതെ ഇത്തരം മേഖലകളിൽ നിന്ന് ജീവനുള്ള വന്യമൃഗങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും, അത്തരം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുന്നതും വിലക്കിയിട്ടുണ്ട്.
- അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതി കൂടാതെ ഇത്തരം പരിസ്ഥിതി സംരക്ഷിത പ്രദേശങ്ങളിൽ ട്രെക്കിങ്ങ്, മലകയറ്റം, മറ്റു കായിക വിനോദങ്ങൾ എന്നിവ സംഘടിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.
ഇത്തരം നിയമങ്ങൾ മറികടക്കുന്നവർക്കെതിരെ രാജ്യത്തെ വന്യജീവി, പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് EA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.