തങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിക്കുന്നതിനിടയിൽ COVID-19 ബാധിതരാകുന്നവർക്ക് ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസ് അറിയിച്ചു. യാത്രികർക്ക് ഇത്തിഹാദ് എയർവേസ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ ആത്മവിശ്വാസം ഉയർത്തുന്നതിനായാണ് ഇത്തരം ഒരു തീരുമാനം.
സെപ്റ്റംബർ 7 മുതൽ ഈ വർഷം അവസാനം വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ പരിരക്ഷ ലഭിക്കുന്നത്. ഈ കാലയളവിൽ യാത്രചെയ്യുന്നവർക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട ചികിത്സകളുടെ ചെലവുകൾക്കുള്ള പരിരക്ഷ സ്വയമേവ ലഭിക്കുന്നതാണ്. ഈ പദ്ധതി പ്രകാരം യാത്രാ വേളയിൽ COVID-19 രോഗബാധിതരാകുന്ന യാത്രികർക്ക് 150,000 യൂറോ വരെയുള്ള ചികിത്സാ ചെലവുകളും, 14 ദിവസത്തെ ക്വാറന്റീനിനായി, ദിനവും 100 യൂറോ വരെയും പരിരക്ഷയ്ക്ക് അർഹത ഉണ്ടായിരിക്കും.
ഇത്തിഹാദ് സേവനങ്ങൾ ഉപയോഗിച്ച് നടത്തുന്ന യാത്രകൾക്ക്, യാത്രാ തീയതി മുതൽ 31 ദിവസത്തേക്കാണ് ഈ പരിരക്ഷ നൽകുന്നത്. ഇത്തിഹാദിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും, ഏജന്റുമാരിൽ നിന്നോ, മറ്റു യാത്രാ സേവനദാതാക്കളിലൂടെയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും ഈ പരിരക്ഷ ലഭിക്കുന്നതാണ്. ആഗോളതലത്തിൽ എല്ലാ ഇടങ്ങളിലേക്കുള്ള യാത്രകൾക്കും ഈ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഷുറൻസ് സേവന ദാതാക്കളായ AXA-യുമായി ചേർന്നാണ് ഇത്തിഹാദ് ഈ പരിരക്ഷ നൽകുന്നത്.
യാത്ര വേളയിൽ COVID-19 രോഗബാധിതരാകുന്നവർ ഈ പരിരക്ഷ നേടുന്നതിനായി ഉടൻ തന്നെ +971 45074007 എന്ന നമ്പറിലൂടെ ഇത്തിഹാദ് COVID-19 സഹായത്തിനുള്ള പ്രത്യേക ടീമുമായി ബന്ധപ്പെടേണ്ടതാണ്. PCR പരിശോധനകൾക്ക് വേണ്ടിവരുന്ന ചെലവുകൾ ഈ പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ https://www.etihad.com/en/fly-etihad/travel-insurance/covid-19-insurance-cover എന്ന വിലാസത്തിൽ ലഭ്യമാണ്.
എമിറേറ്റ്സ്, ഫ്ലൈദുബായ് തുടങ്ങിയ വിമാനക്കമ്പനികളും തങ്ങളുടെ യാത്രികർക്ക് COVID-19 സൗജന്യ ചികിത്സാ പരിരക്ഷ പ്രഖ്യാപിച്ചിരുന്നു.