യു എ ഇ: സൗദി, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തലാക്കിയതായി ഇത്തിഹാദ് അറിയിച്ചു

GCC News

അതിർത്തികൾ താത്കാലികമായി അടയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്ന്, സൗദി, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രാ വിമാന സർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇത്തിഹാദ് അറിയിച്ചു. ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്.

യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ മേഖലയിലെ അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് ഇത്തിഹാദ് ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്.

വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് ഇത്തിഹാദ് വ്യക്തമാക്കി. ഈ തീരുമാനത്തെത്തുടർന്ന് യാത്രകൾ മുടങ്ങിയ യാത്രികരുമായി ബന്ധപ്പെടുമെന്നും, അവർക്ക് തങ്ങളുടെ യാത്രകൾ പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുമെന്നും ഇത്തിഹാദ് വക്താവ് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി https://www.etihad.com/en-in/, ഇത്തിഹാദ് സ്മാർട്ട് ആപ്പ്, +971 600 555 666 (UAE) എന്ന നമ്പറിലെ കസ്റ്റമർ കെയർ സെന്റർ എന്നിവയിലൂടെ ബന്ധപ്പെടാവുന്നതാണ്.