2021 ജൂലൈ 12 മുതൽ പ്രവാസികൾക്കും, വർക്ക് വിസകളുള്ള സന്ദർശകർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക എൻട്രി പെർമിറ്റുകൾ (exceptional entry permit) ആവശ്യമില്ലെന്ന് ഖത്തർ ടെലിവിഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനമെന്നും, ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് ഈ ഇളവ് നൽകുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഖത്തർ എയർപോർട്ട് പാസ്സ്പോർട്ട്സ് ഡിപ്പാർട്മെന്റ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് വിഭാഗം തലവൻ മേജർ അബ്ദുല്ല അൽ ജെസ്മിയെ ഉദ്ധരിച്ചാണ് ഖത്തർ ടി വി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. “ഏതാനം നിബന്ധനകൾ പാലിക്കുന്ന പ്രവാസികൾക്ക് പ്രത്യേക എൻട്രി പെർമിറ്റുകൾ ഒഴിവാക്കുന്നതാണ്. ഖത്തറിന് പുറത്ത് ആറ് മാസത്തിന് താഴെ കാലയളവ് ചെലവഴിച്ചിട്ടുള്ള, സാധുതയുള്ള റെസിഡൻസി പെർമിറ്റുള്ള പ്രവാസികൾക്ക് ‘exceptional entry permit’ എടുക്കാതെ പ്രവേശനം അനുവദിക്കുന്നതാണ്.”, അദ്ദേഹം ഖത്തർ ടി വിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
ആറ് മാസത്തിലധികം ഖത്തറിന് പുറത്ത് ചെലവഴിച്ചവരും, റെസിഡൻസി പെർമിറ്റുകളുടെ കാലാവധി അവസാനിച്ചവരുമായ പ്രവാസികൾക്ക് ഖത്തർ ഇ-ഗവണ്മെന്റ് പോർട്ടലായ ‘Hukoomi’-യിലൂടെയോ, ‘Metrash 2’ ആപ്പിലൂടെയോ നിശ്ചിത ഫീ അടച്ച് കൊണ്ട് തിരികെമടങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.